Monday, August 4, 2008

അരിയെത്ര? പയറഞ്ഞാഴി


കേരളത്തിന് അരി നല്‍കുന്ന ഏര്‍പ്പാട് കേന്ദ്രം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. നന്ദിയാരോടു ചൊല്ലേണ്ടൂ.
അരിയില്ലാതെ നമുക്കെന്താഘോഷം എന്നാവും കേന്ദ്രത്തിന്റെ ചിന്ത. അതെല്ലാം പണ്ട്. ഇപ്പോള്‍ മുട്ടയും പാലുമാണ് മുഖ്യാഹാരം. ഓണത്തിന് ക്യൂ നില്‍ക്കുന്നത് മാവേലിസ്റ്റോറിലല്ല, ബീവറേജസിന് മുന്നിലാണ്.
കേന്ദ്രം വിചാരിച്ചാലൊന്നും നമ്മുടെ ആഘോഷം മുടക്കാനാവില്ല.
എന്നാലും ചില ന്യായവിചാരങ്ങള്‍ വേണ്ടതുണ്ട്. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണത്രെ! ആണവകരാറില്‍ മാത്രമല്ല അരിയിലുമുണ്ട് രാഷ്ട്രീയം. കളിക്കുന്നത് ആരെന്നോ കളിപ്പിക്കുന്നത് ആരെന്നോ നമുക്കൊന്നും അറിയില്ലെന്ന് മാത്രം.
റേഷന്‍ ഷാപ്പില്‍ ചെന്നാല്‍ നമുക്ക് അരി കിട്ടിയിരുന്നു. അതാണ് ഈ ഓണക്കാലം തൊട്ട് ഇല്ലാതാവുന്നത്. മാവേലിയെന്നോ വാമനനെന്നോ വ്യത്യാസമില്ല. മാനുഷരെല്ലാരുമൊന്നുപോലെ.
മുഖ്യമന്ത്രി വി. എസ്സും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ഒരുപോലെ! ഭക്ഷ്യമന്ത്രി ദിവാകരനും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും ഒരുപോലെ!!
ഇവരൊന്നും വിചാരിച്ചാല്‍ നമുക്ക് അരി കിട്ടാന്‍ പോവുന്നില്ല. ആര് എന്ത് പറഞ്ഞാലും അരി തരില്ലെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് കേന്ദ്രം.
'പ്രതികാര മനോഭാവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറരുത്. അരി ചോദിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കരുത്. റേഷന്‍ പുനഃസ്ഥാപിക്കാനായി കേന്ദ്രത്തില്‍ സത്യാഗ്രഹമിരിക്കും. മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെയും സത്യാഗ്രഹമിരിക്കാന്‍ കൂട്ടും' - ഇങ്ങനെ പോവുന്നു ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനകള്‍.
ഈ പോയിന്റ് നമുക്കൊന്ന് വിശകലനം ചെയ്യാം. മുഖ്യമന്ത്രിക്ക് 'താല്പര്യമുണ്ടെങ്കില്‍' എന്ന് ഒരു വികല്പ പ്രയോഗം എന്തിനാണ്. അദ്ദേഹമല്ലേ ഇപ്പോഴത്തെ കേരള മാവേലി. ആ സ്ഥിതിക്ക് അദ്ദേഹത്തിനല്ലേ താല്പര്യമുണ്ടാവേണ്ടത്?
മാത്രമല്ല, ഭക്ഷ്യമന്ത്രി ദിവാകരനെപ്പോലെത്തന്നെ ഉത്തരവാദിത്തം മറ്റ് നേതാക്കള്‍ക്കുമില്ലേ. എന്‍.സി.പി ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പോളണ്ടുകാരനൊന്നുമല്ല. പക്കാ മലയാളിയും മൂക്കുമുട്ടെ അരി ഭക്ഷണം കഴിക്കുന്ന ആളുമാണ്.
അങ്ങേര് പറയുന്നത് കൂടി കേള്‍ക്കുക. 'കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചെന്ന വാദം അടിസ്ഥാന രഹിതമാണ്'. ഇതാണ് ശരിക്കും അടിസ്ഥാനമുള്ള വാദം.
ഭരണത്തിലോ പ്രതിപക്ഷത്തോ ഇടമില്ലാഞ്ഞിട്ടുപോലും കേരളത്തിലെ എന്‍.സി.പിക്കാര്‍ ഒരാളും അരി കിട്ടാതെ പട്ടിണി കിടക്കുന്നില്ല.
അതുകൊണ്ട്,
കണ്ണു തുറന്ന് യാഥാര്‍ത്ഥ്യം മനസ്സിലാക്കുക, അടിസ്ഥാനമുള്ള വാദം ഉന്നയിക്കാന്‍ പഠിക്കുക, കേരളത്തിന് അരി കിട്ടാതായത് എന്തുകൊണ്ടാണ്?
കാലവര്‍ഷം ചതിച്ചതുകൊണ്ടാണോ?
ഇടുക്കി ഡാം വറ്റിയതുകൊണ്ടാണോ?
ഇടിവെട്ടോ സുനാമിയോ ഉണ്ടായതുകൊണ്ടാണോ?
ഒന്നുമല്ല.
കെ.മുരളീധരന്‍ എന്ന നിരുപദ്രജീവിയെ ഇടതുമുന്നണിയില്‍ എടുക്കാത്തതുകൊണ്ട് മാത്രമാണ്. രോഗമറിഞ്ഞുവേണം ചികിത്സ നടത്താന്‍.
സത്യാഗ്രഹം ഇരുന്നാലോ സമരം നടത്തിയാലോ അരി കിട്ടില്ല.
140 എം. എല്‍. എമാരെയും കൊണ്ട് ഡല്‍ഹിക്ക് പോവുന്നത്ര ജോലിയില്ല എം. എല്‍. എയോ, എം.പി.യോ ഒന്നുമല്ലാത്ത മുരളിയെ എ.കെ.ജി സെന്ററില്‍ വിളിച്ച് ലോഹ്യം പറയുന്നതിന്. ഒരു മിനിട്ട് മതി വാഗണ്‍ കണക്കിന് അരി കേരളത്തിലേക്കൊഴുകാന്‍.
ഇതേ ലൈനില്‍ തന്നെയാണ് വൈദ്യുതിയുടെയും പോക്ക്. കര്‍ക്കടകത്തിലും പവര്‍കട്ട് ഏര്‍പ്പെടുത്തുന്ന ഒരു സംസ്ഥാനമാണ് ആണവകരാറിനെതിരെ ഹാലിളകി നടക്കുന്നത്. ഭാഗ്യത്തിന് മുലായവും കുതിരകളും സഹായിച്ചതിനാല്‍ കേന്ദ്രം മറിഞ്ഞുവീണില്ല.
കേന്ദ്ര ഗ്രിഡില്‍ നിന്ന് വൈദ്യുതി കിട്ടിയില്ലെന്ന് പറഞ്ഞ് ദിവാകരന്റെ പിറകെ എ.കെ. ബാലനും ഡല്‍ഹിക്ക് വച്ചടിക്കാം. സത്യാഗ്രഹമോ സമരമോ നടത്താം. കേന്ദ്രം ഒന്ന് രണ്ട് ഇലക്ട്രിക് ബാറ്റ് വാങ്ങി വെച്ചിട്ടുണ്ട്. സമരക്കാരെ ഷോക്കടിപ്പിക്കാന്‍.
വാലറ്റം: മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടെങ്കില്‍ സത്യാഗ്രഹമിരിക്കാന്‍ അദ്ദേഹത്തെയും കൂട്ടും. ഭക്ഷ്യമന്ത്രി ദിവാകരന്‍.
കമന്റ്: എന്നിട്ട് സി.ദിവാകരന്‍ സിന്ദാബാദ് എന്ന് വിളിപ്പിക്കും.

1 comment:

padmanabhan namboodiri said...

സത്യാഗ്രഹം ഇരുന്നാലോ സമരം നടത്തിയാലോ അരി കിട്ടില്ല.
140 എം. എല്‍. എമാരെയും കൊണ്ട് ഡല്‍ഹിക്ക് പോവുന്നത്ര ജോലിയില്ല എം. എല്‍. എയോ, എം.പി.യോ ഒന്നുമല്ലാത്ത മുരളിയെ എ.കെ.ജി സെന്ററില്‍ വിളിച്ച് ലോഹ്യം പറയുന്നതിന്. ഒരു മിനിട്ട് മതി വാഗണ്‍ കണക്കിന് അരി കേരളത്തിലേക്കൊഴുകാന്‍.