Tuesday, July 29, 2008

ചീറ്റര്‍ജിയും അഹമ്മദും


കുതിരയുടെ വില എത്രയെന്ന് കുതിരയല്ല നിശ്ചയിക്കാന്‍. അതിന്റെ ആവശ്യക്കാരാണ്. കേന്ദ്രത്തിന്റെ ശ്വാസം നേരെയാവാന്‍ എത്ര കുതിര വേണ്ടിവന്നുവെന്നും എത്ര മു'ലായ'ങ്ങള്‍ പണിയേണ്ടിവന്നുവെന്നും മന്‍മോഹന്‍സിംഗിനോ അമര്‍സിംഗിനോ പോലും അറിയില്ല. അതിന്റെയെല്ലാം കണക്ക് വേറെ ചില അംബാനിമാരുടെ കയ്യിലാണ്.
അപ്പോള്‍പ്പിന്നെ സാധാരണക്കാരായ നമ്മള്‍ അതിന്റെ പിറകെ പോയിട്ട് ഒരു കാര്യവുമില്ല. നമുക്ക് പോവാന്‍ പറ്റിയ വേറൊരു റൂട്ടുണ്ട്. സോമനാഥ് ചാറ്റര്‍ജിയുടെ വഴി.
ലോകസഭയും വിശ്വാസവോട്ടെടുപ്പും ഒന്നുമല്ല വിഷയം. വേറെ ചിലതാണ്.
39-ാം വയസ്സില്‍ സി.പി. എം അംഗമായ ആള്‍.
ലോകസഭാ സ്പീക്കറാവുന്ന ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍
രണ്ടു പതിറ്റാണ്ടുകാലം ലോകസഭയിലെ കക്ഷി നേതാവ്.
പത്തുതവണ പാര്‍ലമെന്റംഗമായ ആള്‍.
മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട ആള്‍.
77 വയസ്സിനിടെ പഞ്ചായത്തില്‍പോലും അധികാരം കയ്യാളാത്ത ആള്‍. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍കാന്ത് ചാറ്റര്‍ജിയുടെ മകനായി പിറന്നിട്ട് കമ്മ്യൂണിസത്തെ പ്രാണവായുവാക്കി എട്ട് പതിറ്റാണ്ട് ജീവിച്ച ആള്‍.
അതെ, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്.
ഇങ്ങനെയൊക്കെ ആയ ഒരാളെപ്പറ്റി നമ്മുടെയെല്ലാം ധാരണയെന്താണ്?
ഇനി പ്രത്യേകിച്ച് മുക്കുടിയോ മുക്താരിഷ്ടമോ കുടിപ്പിച്ച് ദഹനക്കേട് തീര്‍ക്കാന്‍മാത്രം പാര്‍ലമെന്ററി വ്യാമോഹം അദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക.
പക്ഷേ,
സംഭവിച്ചത് അതാണ്.
പൊട്ടിവീഴാറായ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ മരക്കൊമ്പില്‍ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം കൂടി കടിച്ചുതൂങ്ങി കിടക്കുക! കിട്ടിയ അധികാരം ഉപേക്ഷിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് സ്വയം വിലയിരുത്തുക. പി.ബി. മെമ്പര്‍മാരെ കാണുമ്പോള്‍ വക്രിച്ച ചിരി ചിരിക്കുക. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും മച്ചമ്പിയാവുന്നതില്‍ ആത്മനിര്‍വൃതിയടയുക.
കമ്മ്യൂണിസ്റ്റുകാര്‍ വായിക്കാന്‍ വേണ്ടിയല്ല ഇത് എഴുതുന്നത്. അവര്‍ വായിക്കണമെന്നില്ല. അവര്‍ക്ക് വിവരമുണ്ട്.
എന്നാല്‍ മുസ്ളീംലീഗിന്റെ കാര്യം അങ്ങനെയല്ല.
വായനാശീലം കുറവാണ്.
പുസ്തകം കത്തിക്കുന്നതാണ് അവരുടെ പരിപാടി. അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതാണ് അവരുടെ ആക്ഷന്‍. അവര്‍ ഇത് വായിക്കണം.
സോമനാഥിന്റെ പ്രൊഫൈല്‍ ഹൃദിസ്ഥമാക്കണം. എന്നിട്ട് ഒരു ചോദ്യം സ്വയം ചോദിക്കണം.
അല്ലെങ്കില്‍ വേണ്ട.
സി.പി. എമ്മിന്റെ മുഖപത്രത്തില്‍ വന്ന ഒരു സിംഗിള്‍ കോളം തലക്കെട്ടിലെ കൊച്ചുവാര്‍ത്ത വായിക്കണം.
'ചാറ്റര്‍ജിയെ സി.പി. എമ്മില്‍ നിന്ന് പുറത്താക്കി', കാരണം മറ്റൊന്നുമല്ല. 'പാര്‍ട്ടി നിലപാടുകള്‍ ശത്രുക്കള്‍ക്ക് അടിയറ വച്ചതിന് പാര്‍ട്ടി ഭരണഘടനയിലെ 19-ാം ഖണ്ഡികയുടെ 13-ാം അനുച്ഛേദം അനുസരിച്ചാണ് നടപടി. ഗുരുതരമായ പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അസാധാരണമായ സാഹചര്യത്തിലെടുക്കുന്ന നടപടിയാണ് ഇത്.
കമ്മ്യൂണിസം അരച്ചുകലക്കികുടിച്ച ആള്‍.
വിവരവും വിദ്യാഭ്യാസവുമുള്ള ആള്‍.
പക്ഷേ അനുച്ഛേദമോ അനുസ്വാരമോ അറിയില്ല.
പതിറ്റാണ്ടുകളായി ബംഗാളിലെ പരിപ്പുവടയായ ഉണക്കി റൊട്ടി തിന്നും, കട്ടന്‍ ചായ കുടിച്ചും കെട്ടിപ്പടുത്ത പാര്‍ട്ടിയെ അരനാഴിക നേരത്തെ സ്പീക്കര്‍ പദവിക്കുവേണ്ടി ശത്രുക്കള്‍ക്ക് അടിയറവെച്ചില്ലേ?
അതാണ് കാണേണ്ടത്.
അതാണ് പഠിക്കേണ്ടത്.
ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രത്തില്‍ അന്‍വര്‍ റഷീദിന്റെ ചെക്കന് ജീവനെന്ന് പേരിട്ടതുകൊണ്ടാണെന്നും ഇന്നാട്ടില്‍ കമ്മ്യൂണിസം പൂത്തുലയില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
അരനാഴിക നേരത്തെ സ്പീക്കര്‍ പദവി കണ്ടാല്‍ കമ്മ്യൂണിസം ഉപേക്ഷിക്കുന്ന സോമനാഥ് ചാറ്റര്‍ജിമാരുടെ നാട്ടില്‍ ഏഴാം ക്ളാസില്‍വെച്ച് എസ്. എഫ്. ഐ ആവുന്ന മതേതര ജീവനെ മാര്‍ഗം കൂട്ടാന്‍ എന്തൊക്കെ വഴിയുണ്ട്. മാമോദീസ മുക്കുകയോ പൊന്നാനിയില്‍ കൊണ്ടുപോവുകയോ ആവാം.
അതുകൊണ്ട്
കഴിഞ്ഞത് കഴിഞ്ഞു
പാഠപുസ്തകം കത്തിച്ചു
അധ്യാപകനെ ചവിട്ടിക്കൊന്നു.
ഇനിയും അവിവേകമൊന്നും കാണിക്കരുത്.
അഹമ്മദ് ആത്മഹത്യ ചെയ്യരുത്.
ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ളീംലീഗുകാരന്‍ കേന്ദ്രത്തില്‍ മന്ത്രിയാവുന്നത്. സി.പി. എമ്മിനെപ്പോലെ വിവരക്കേട് കാട്ടരുത്. അങ്ങനെ വല്ലതും കാട്ടാന്‍ മുസ്ളീംലീഗിന്റെ പി.ബിയായ കുഞ്ഞാലിക്കുട്ടിക്ക് തോന്നിയാല്‍തന്നെ അഹമ്മദ് സോമനാഥ് ചാറ്റര്‍ജിയായി ഉയര്‍ന്ന് മാതൃക കാട്ടണം.
സ്പീക്കറാവുന്നതോടെ ഒരാള്‍ സഖാവല്ലാതായി മാറും. അതുപോലെതന്നെ മന്ത്രിയാവുന്നതോടെ മറ്റൊരാള്‍ ലീഗും അല്ലാതാവും.
ഇതെല്ലാം മനസ്സിലാക്കാനള്ള ബുദ്ധി, പ്രത്യയശാസ്ത്രം പഠിച്ചിട്ടില്ലാത്തതിനാല്‍ നമുക്കുണ്ട്. അല്ലെങ്കിലും, നാലുവര്‍ഷക്കാലം കണ്ണിലെകൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച ഒരു സര്‍ക്കാരിനെ ബി.ജെ.പിയുമായി കൂടിച്ചേര്‍ന്ന് അട്ടിമറിക്കാന്‍ എത് കമ്മ്യൂണിസ്റ്റുകാരനാണ് കഴിയുക.
അതാണ് പറഞ്ഞത്.
പാഠപുസ്തകത്തില്‍ എത്ര ചിത്രകഥകള്‍ രചിച്ചാലും കമ്മ്യൂണിസ്റ്റല്ലാതാവാന്‍ ഒരു സെക്കന്‍ഡ് മതി.
വാലറ്റം: സോമനാഥ് ചാറ്റര്‍ജിക്ക് ചരിത്രത്തിലുള്ള സ്ഥാനം പാര്‍ട്ടി വഞ്ചകന്‍ എന്നതായിരിക്കും: പിണറായി വിജയന്‍.
കമന്റ്: പാര്‍ട്ടി ലിക്വിഡേറ്റര്‍ സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കരുത്.


4 comments:

padmanabhan namboodiri said...

പാഠപുസ്തകത്തില്‍ എത്ര ചിത്രകഥകള്‍ രചിച്ചാലും കമ്മ്യൂണിസ്റ്റല്ലാതാവാന്‍ ഒരു സെക്കന്‍ഡ് മതി.

Anonymous said...

നല്ല ലേഘനം, പക്ഷെ അദ്ധ്യാപകനെ ചവിട്ടിക്കൊന്നു എന്ന് ആര്‍ജ്ജവത്തോടെ പരഞ്ഞത്. ബംഗാളില്‍ ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ കര്‍ഷകരെ തലോടുകയായിരുന്നു ഇതുവരെ എന്ന് പറഞ്ഞതിന്‍ തുല്യമായിപ്പോയതു പോലെ....

മുസാഫിര്‍ said...

നല്ല സറ്റയര്‍,മാഷെ.

Martin Morgan said...

very funny!

Dissertations | Courseworks | writing service