Tuesday, August 19, 2008

തീവ്രവാദിയും റിവിഷനിസ്റ്റും.


ചേരുവയില്ലാത്ത ചിലതുണ്ട്.
മോരും മുതിരയും.
കടലും കടലാടിയും
ഒറ്റ നോട്ടത്തില്‍ തന്നെ വേര്‍തിരിച്ചറിയാന്‍ പറ്റും. എന്നാല്‍ വേറെ ചിലതുണ്ട്. എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. ആ ഗണത്തില്‍പ്പെട്ടതാണ് പട്ടിയും പേപ്പട്ടിയും.
വിദഗ്ദ്ധ പരിശോധന നടത്തിയാലേ പേപ്പട്ടിയെ തിരിച്ചറിയാന്‍ കഴിയൂ. ഈ ലിസ്റ്റില്‍ വരുന്ന മറ്റൊന്നാണ് തീവ്രവാദിയും റിവിഷനിസ്റ്റും.
സാധാരണക്കാരായ നമുക്കൊന്നും ഇവരെ തിരിച്ചറിയാന്‍ പറ്റില്ല. കണ്ടാല്‍ കമ്യൂണിസ്റ്റാണെന്നേ തോന്നൂ.
പ്രത്യയശാസ്ത്രം, പാര്‍ലമെന്ററി വ്യാമോഹം, ഇരുമ്പുലക്ക, കൊട്ടടക്ക തുടങ്ങി കമ്മ്യൂണിസ്റ്റ് നാമാവലികളേ നാവില്‍ നിന്ന് വരൂ.
വേഷം കണ്ടാലും തിരിച്ചറിയാന്‍ പറ്റില്ല.
ഖദര്‍ ജുബ്ബയോ മല്ല് മുണ്ടോ ഒക്കെയാവും.
ഡി. എന്‍. എ ടെസ്റ്റ് നടത്തിയാല്‍പ്പോലും തിരിച്ചറിയാന്‍ പറ്റിയെന്ന് വരില്ല.
ഇത് സാധാരണക്കാരായ നമ്മുടെ കാര്യം.
എന്നാല്‍ ഒറ്റനോട്ടത്തില്‍തന്നെ ഇവരെ തിരിച്ചറിയാന്‍ കഴിയുന്ന ചിലരുണ്ട്. പൊലീസിനെ കണ്ടാല്‍ കള്ളനും കള്ളനെ കണ്ടാല്‍ പൊലീസിനും തിരിച്ചറിയാന്‍ കഴിയുന്നപോലെ. പട്ടി പിടുത്തക്കാരനെ കണ്ടാല്‍ ഏത് ആള്‍ക്കൂട്ടത്തില്‍വച്ചും പട്ടിക്ക് തിരിച്ചറിയാന്‍ കഴിയും.
തീവ്രവാദികളെ ഭയമാണ് റിവിഷനിസ്റ്റുകള്‍ക്ക്. അതിനാല്‍ ഒരുത്തന്‍ തീവ്രവാദിയാണോ എന്ന് ആദ്യം തിരിച്ചറിയുക തൊട്ടടുത്ത് നില്‍ക്കുന്ന റിവിഷനിസ്റ്റ് ആണ്.
തോമസ് ഐസക് ഏത് ഗണത്തില്‍പ്പെടുമെന്ന് അച്യുതാനന്ദനും അച്യുതാനന്ദന്‍ ഏത് ഇനത്തില്‍പ്പെടുമെന്ന് തോമസ് ഐസക്കിനും അറിയാം.
നമ്മെ സംബന്ധിച്ച് രണ്ടുപേരും കമ്യൂണിസ്റ്റാണ്. രണ്ടുപേരും മന്ത്രിമാരുമാണ്. ഒരാള്‍ ഡി.ജി.പി.യെങ്കില്‍ മറ്റേയാള്‍ എ.ഡി.ജി.പി. അത്രയേ വ്യത്യാസമുള്ളൂ. സീനിയോറിട്ടിയിലെ വ്യത്യാസം.
എന്നാല്‍ റിവിഷണിസ്റ്റാദി സാങ്കേതിക കാര്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ ആ മേഖലയില്‍ അറിവുണ്ടാകണം. ഉദാഹരണത്തിന് ഭൂപരിഷ്കരണം. ഒന്നാം ഭൂപരിഷ്കരണമേ കമ്മ്യൂണിസ്റ്റുകാരന് പറഞ്ഞിട്ടുള്ളൂ. രണ്ടാം ഭൂപരിഷ്കരണം രണ്ടാംകെട്ടുപോലെതന്നെ മ്ളേച്ഛമാണ്. രണ്ടാം കെട്ടിനൊരുങ്ങുന്നവന്‍ തീവ്രവാദിയാണ്.
ഒന്നാം ഭൂപരിഷ്കരണത്തില്‍തന്നെ ചില ഉപവിഭാഗങ്ങളുണ്ട്. എല്ലാവര്‍ക്കും കൃഷിഭൂമി എന്നതല്ല കമ്യൂണിസ്റ്റ് നയ പരിപാടി. എല്ലാവര്‍ക്കും കിടപ്പാടം എന്നതാണ്. കൃഷി പാര്‍ട്ടി നടത്തും. അണികള്‍ കിടന്നാല്‍ മതി.
ഭൂമാഫിയ, ഭൂസ്വാമി തുടങ്ങിയ സംജ്ഞകളും പാര്‍ട്ടി വിരുദ്ധമാണ്. ഇത്തരം വാക്കുകള്‍ കൂടെക്കൂടെ ഉച്ചരിക്കുന്നവന്‍ തീവ്രവാദിയാണ്. സെസ് എന്നുകേട്ടാല്‍ സെക്സ് എന്ന് തെറ്റിദ്ധരിക്കുന്ന ചിലരുണ്ട്. അവരും തീവ്രവാദികളാണ്.
ലക്ഷണശാസ്ത്രപ്രകാരം വേറെയും ചില സംഗതികളുണ്ട്. പാര്‍ട്ടിയിറക്കുന്ന പത്രക്കുറിപ്പും സംസ്ഥാനകമ്മിറ്റിയുടെ മിനുട്ട്സും അവര്‍ ഒത്തുനോക്കും. വ്യത്യാസമുണ്ടെങ്കില്‍ മൈക്കുകെട്ടി വിളിച്ചുപറയും.
അങ്ങനെ വിളിച്ചുപറയുന്ന കൂട്ടത്തില്‍ വായില്‍വന്ന മറ്റു ചില കാര്യങ്ങളും കൂടി പറയും. അടച്ചുവെച്ച അധ്യായം തുറക്കും. തുടച്ചുമാറ്റിയ വിഭാഗീയത വീണ്ടും വലിച്ചിടും.
ഇതൊക്കെ കാണുമ്പോള്‍ ഭയപ്പെടുകയും കേന്ദ്രനേതൃത്വത്തിന് ഫാക്സ് അയയ്ക്കുകയും ചെയ്യുന്നവരെ റിവിഷനിസ്റ്റ് എന്നുവിളിക്കും.
ഭയമാണ് അവരുടെ മുഖമുദ്ര.
അവര്‍ വാദിയെ തീവ്രവാദിയാക്കും.
വികസന വിരോധിയെന്നു വിളിക്കും.
എന്നിട്ട് ടിക്കറ്റ് നിഷേധിക്കും.
പക്ഷേ ഭയം മാറില്ല. ക്ഷുദ്രമോ മാരണമോ ചെയ്ത് മുന്നണിയെ തോല്‍പിക്കുമെന്ന് ഭയന്ന് സ്നേഹം ഭാവിച്ച് ടിക്കറ്റ് നല്‍കും. ചതിയിലൂടെ മാരാരിക്കുളത്തോ മലമ്പുഴയിലോ മുക്കിക്കൊല്ലാന്‍ നോക്കും.
പക്ഷേ തീവ്രവാദിയുണ്ടോ ചാവുന്നു.
ഫീനിക്സിന് കഞ്ഞി വെച്ചവനാണ് തീവ്രവാദിയുടെ ആള്‍ദൈവം. ചെങ്കോട്ടയത്തെ മഹാഹവനത്തില്‍ ചുട്ടുകരിച്ച് ചാരമാക്കിയാല്‍ പോലും വിഭാഗീയതയുടെ ചുടുചാരം ദേഹത്ത് പൂശി ചുടലനൃത്തമാടും. റിവിഷനിസ്റ്റുകളെ ഒന്നൊന്നായി ചൂണ്ടിക്കാട്ടും.
അപ്രകാരം റിവിഷനിസ്റ്റുകളും തീവ്രവാദികളും മാത്രമേ പാര്‍ട്ടിയില്‍ ഉള്ളുവെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം പാര്‍ട്ടിക്കും പടിക്കും പുറത്താണെന്നും തിരിച്ചറിയുന്ന ഘട്ടത്തില്‍ വേതാളം വിക്രമാദിത്യ രാജാവിനോട് ചോദിക്കും.
" പ്രായോഗിക ബാധ്യതകള്‍ ഒന്നുമില്ലാതെ രണ്ടാം ഭൂപരിഷ്ക്കരണം എന്ന് മുദ്രാവാക്യം മുഴക്കുന്ന തീവ്രവാദികളാണോ അതോ പാര്‍ട്ടി വളര്‍ത്താന്‍ സാധ്യമായ സകല അടവും നയവും പരീക്ഷിക്കുന്ന റിവിഷനിസ്റ്റുകളാണോ സര്‍ക്കാരിന്റെ ജനക്ഷേമകരമായ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കേണ്ടത്?
ഇതിന് ഉത്തരം പറഞ്ഞാല്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് അച്ചടക്കനടപടി സ്വീകരിക്കും. ഉത്തരം പറഞ്ഞില്ലെങ്കിലും നടപടി ഉണ്ടാകും. പട്ടിയെ പേപ്പട്ടിയാക്കാനും വാദിയെ തീവ്രവാദിയാക്കാനും വ്യവസ്ഥയുള്ള പാര്‍ട്ടിയാണ് നാട് ഭരിക്കുന്നത്.
വാലറ്റം: രണ്ടാം ഭൂപരിഷ്ക്കരണമെന്ന നിലപാട് സി.പി.എം. ഒരിക്കലും സ്വീകരിച്ചിട്ടില്ല: ധനമന്ത്രി തോമസ് ഐസക്.
കമന്റ്: മുഖ്യമന്ത്രിയുടെ അറിവിലേക്ക് ധനമന്ത്രി ബോധിപ്പിക്കുന്നത്.


7 comments:

Anonymous said...

പട്ടിയും പേപ്പട്ടിയും.

Anonymous said...

താങ്കള്‍ക്ക് ലജ്ജയില്ലേ ഇപ്പോഴും നമ്പൂതിരിയെന്ന വാലും ഥൂക്കി നടക്കാന്‍?

നരിക്കുന്നൻ said...

കൊള്ളാം. നന്നായിരിക്കുന്നു. നമ്മുടെ മുഖ്യന് പറ്റിയ പണിയല്ല് ഈ മുഖ്യമന്ത്രിപ്പണി.

Anonymous said...

എല്ലാവര്‍ക്കും കിടപ്പാടം എന്നതാണ്. കൃഷി പാര്‍ട്ടി നടത്തും. അണികള്‍ കിടന്നാല്‍ മതി.

അണികൾ കിടന്നു കൊടുത്താൽ മതി എന്നതായിരിക്കും ഉത്തമം.

Anonymous said...

താങ്കള്‍ക്ക് ലജ്ജയില്ലേ ഇപ്പോഴും നമ്പൂതിരിയെന്ന വാലും ഥൂക്കി നടക്കാന്‍?

ഈ അനോണി എതോ പിന്നൊക്ക ന്യുനപക്ഷ സഖാവാണെന്നു തോന്നുന്നു.

Anonymous said...

രണ്ടാമത്തെ അനോണി ആരെന്ന് വളരെ വ്യക്തം.....
ബ്ലോഗിലെ ഒരു സമീപകാല അവതാരം തന്നെ......!!!!!!!!!

Anonymous said...

ezhuththu nallathanu.vayikkan rasamundu.pakshe ithinodoppam illustrationakkal cheruka up to dated aaya photos alle?illustations palappozhum main lekhanathil ninnum shradha thirikkunnu.
romy jose xaviour
rajiv gandhi institute of technology mens hostel
pampady
kottyam.

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com