Monday, July 21, 2008

മതമേതായാലും മനുഷ്യന്‍ കമ്മ്യൂണിസ്റ്റായാല്‍ മതി


'മോന്റെ പേരെന്താ'?
'പേരില്ല'
'നല്ല കുട്ടിയല്ലേ, തറുതല പറയല്ലേ'
'എനിക്ക് പേരില്ലെന്ന് പറഞ്ഞില്ലേ'
'അതെന്താ അങ്ങനെ?'
'ഉണ്ടാക്കിയവരോട് ചോദിക്ക്'
ഉത്തരം കേട്ട ഹെഡ്മാസ്റ്റര്‍ ശരിക്കും വിയര്‍ത്തുപോയി. അപേക്ഷ പൂരിപ്പിക്കാനെടുത്ത പേന തിരിച്ച് ടോപ്പിലിട്ടു.
മോനാരാ മോന്‍!
നിരവധി സമരങ്ങള്‍ അതിജീവിച്ചും കരിക്കുലം കമ്മിറ്റിയില്‍ കാത്തുകിടന്നും ഉപസമിതിയുടെ തിരുത്തലുകള്‍ക്ക് വിധേയമായും മറ്റും തീയില്‍ കുരുത്ത വിത്തല്ലേ?
ജീവനെന്ന പേര് വെട്ടിമാറ്റിയതുകൊണ്ടൊന്നും ഏഴാംക്ളാസിലെ പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോവാന്‍ ഉദ്ദേശിച്ചിട്ടില്ല അവന്‍.
ഹെഡ്മാസ്റ്റര്‍ വിയര്‍ക്കുന്നത്കണ്ട് അവന്‍ പറഞ്ഞു:
'അതല്ല ഞാന്‍ ഉദ്ദേശിച്ചത്. പാഠപുസ്തകം ഉണ്ടാക്കിയ കരിക്കുലം കമ്മിറ്റിയോട് ചോദിക്കൂ'!
'അപ്പോള്‍ വളര്‍ന്ന് വലുതായാല്‍ ആളുകള്‍ മോനെ എന്ത് വിളിക്കും'? ഹെഡ്മാസ്റ്റര്‍ സംശയം പ്രകടിപ്പിച്ചു.
അച്ഛന് ഇടപെടാതിരിക്കാന്‍ വയ്യെന്നായി. " ഇട്ട പേരുകള്‍ തന്നെ ആളുകള്‍ വിളിക്കുമെന്ന് എന്താണുറപ്പ് സാര്‍. സാറിന്റെ കാര്യം തന്നെ നോക്കുക. അച്ഛനമ്മമാര്‍ ഇട്ട പേരിലല്ലല്ലോ സാര്‍ സ്കൂളില്‍ അറിയപ്പെടുന്നത്. ഇരട്ടപ്പേരിലല്ലേ?"
ഹെഡ്മാസ്റ്റര്‍ ഇപ്പോള്‍ കൂടുതല്‍ വിയര്‍ത്തു. ജാള്യത പുറത്തുകാണിക്കതെ ഹെഡ്മാസ്റ്റര്‍ വീണ്ടും ചോദിച്ചു. അപേക്ഷാഫോറം പൂരിപ്പിക്കാതെ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ
'അച്ഛന്റെ പേരെന്താ?'
ചെക്കനാണ് പറഞ്ഞത്: " അന്‍വര്‍ റഷീദ് എന്നായിരുന്നു"
ഹെഡ്മാസ്റ്റര്‍ക്ക് പൊരുള്‍ മനസ്സിലായില്ല. അദ്ദേഹം വീണ്ടും ചോദിച്ചു. " അച്ഛന്റെ പേര് എന്ന കോളത്തില്‍ ഞാന്‍ എന്ത് പേരാണ് എഴുതേണ്ടത്?"
" അച്ഛന്‍ ആരെന്ന് തീര്‍ച്ചയായിട്ട് എഴുതാം. അച്ഛന്റെ പേര് ഇപ്പോള്‍ തര്‍ക്കത്തിലാണ്''
'' എങ്കില്‍ അമ്മയുടെ പേര് പറയൂ. അമ്മയും രക്ഷിതാവാണല്ലോ''
'' ലക്ഷ്മീദേവിയായിരുന്നു അമ്മ''
" ഇപ്പോള്‍?"
" ഇപ്പോഴും അവര്‍ തന്നെ. പക്ഷേ ഇപ്പോഴത്തെ പേര് അതല്ല"
ഹെഡ്മാസ്റ്റര്‍ പ്യൂണിനെ വരുത്തി ഒരു ഗ്ളാസ് വെള്ളം വരുത്തി കുടിച്ചു.
ഇതുപോലൊരു ചെക്കനെ ആദ്യമായാണ് സ്കൂളില്‍ ചേര്‍ക്കുന്നത്.
" ആട്ടെ, മോന്റെ മതമെന്താ?"
" ഇത് പള്ളിയാണോ പള്ളിക്കൂടമാണോ?" ചെക്കന് ഹെഡ്മാഷിന്റെ ചോദ്യം ഒട്ടും രസിച്ചില്ല.
" സാറ്, ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്. ആ ചോദ്യം അങ്ങനെ ചോദിക്കാന്‍ പാടില്ല സാറേ. മോന്റെ വിശ്വാസമെന്ത് എന്നാണ് ചോദിക്കേണ്ടത്"
" ശരി. മോന്റെ വിശ്വാസമെന്താണ്?"
"കമ്മ്യൂണിസം"
ദൈവമേ! ഈ ചെക്കന്‍ സ്കൂള് കുട്ടിച്ചോറാക്കും. ഇങ്ങനെയുള്ള ചെക്കന്മാരെയാണല്ലോ വിദ്യാഭ്യാസമന്ത്രി ശുപാര്‍ശകത്തും നല്‍കി സ്കൂളില്‍ ചേര്‍ക്കാന്‍ അയച്ചിരിക്കുന്നത്. മനസ്സില്‍ തികട്ടിവന്ന ചിന്തകള്‍ പുറത്തുവരാതെ സൂക്ഷിച്ച ഹെഡ്മാസ്റ്റര്‍ വീണ്ടും ചോദിച്ചു.
"നിനക്ക് തന്തയും തള്ളയും ആരുമില്ലേ" ചെക്കന്‍ ദേഷ്യംകൊണ്ട് ചുവന്നുതുടുത്തു.
"സാറിന് അറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. ജീവന്‍ എന്നായിരുന്നു എന്റെ പേര്. അന്‍വര്‍ റഷീദിന്റെയും ലക്ഷ്മീദേവിയുടെയും മോന്‍. എനിക്ക് പേരില്ലാതാക്കിയത് നിങ്ങളൊക്കെത്തന്നെയാണ്. അച്ഛന്‍ ഇസ്ളാമും അമ്മ ഹിന്ദുവും ആയ സ്ഥിതിക്ക് വളര്‍ന്ന് വലുതാവുമ്പോള്‍ ക്രിസ്ത്യാനിയാവാമെന്നാണ് ഞാന്‍ വിചാരിച്ചത്. നമ്മുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുകയുമാവാം.
ഇപ്പോള്‍ കരിക്കുലം കമ്മിറ്റി പറയുന്നത് മിശ്രവിവാഹിതരുടെ മതം വെളിപ്പെടുത്തരുതെന്നാണ്. മക്കളുടെ പേര് പറയരുതെന്നാണ്. മതസ്വാതന്ത്യ്രത്തിനുപകരം വിശ്വാസസ്വാതന്ത്യ്രം എന്ന് ചേര്‍ക്കണമെന്നാണ്. ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് വിശ്വസിക്കും സാറേ.
സാറ് ഈ പുസ്തകത്തില്‍ പലതും എഴുതിവെച്ചിട്ടുണ്ടല്ലോ. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും മറ്റും. നന്നാവാനുള്ള വഴിയൊക്കെ എനിക്കറിയാം സാറേ. ഇപ്പോള്‍ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. അതുകൊണ്ട് ഞാന്‍ ബേബിസാറിന്റെ പാര്‍ട്ടിയാണ്. മതമേതായാലും മനുഷ്യന്‍ കമ്മ്യൂണിസ്റ്റായാല്‍ മതിയെന്ന് സഖാവ് കാറല്‍ മാര്‍ക്സും പറഞ്ഞിട്ടുണ്ട്. സാറ് ഏത് സംഘടനയിലാ? കെ. എസ്.ടി. എയില്‍ തന്നല്ലേ? സാറെന്നെ വേഗം സ്കൂളില്‍ ചേര്‍ക്കാന്‍ നോക്ക്. എന്നിട്ടുവേണം എനിക്ക് പഠിപ്പുമുടക്കി പ്രകടനം നടത്താന്‍.
ഇന്‍ക്വിലാബ് സിന്ദാബാദ്
ലാല്‍ സലാം
വാലറ്റം: മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ട് വിശ്വാസസ്വാതന്ത്യ്രം എന്നാക്കി മാറ്റാന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.
കമന്റ്: ആമേന്‍

7 comments:

padmanabhan namboodiri said...

'അച്ഛന്റെ പേരെന്താ?'
ചെക്കനാണ് പറഞ്ഞത്: " അന്‍വര്‍ റഷീദ് എന്നായിരുന്നു"
ഹെഡ്മാസ്റ്റര്‍ക്ക് പൊരുള്‍ മനസ്സിലായില്ല. അദ്ദേഹം വീണ്ടും ചോദിച്ചു. " അച്ഛന്റെ പേര് എന്ന കോളത്തില്‍ ഞാന്‍ എന്ത് പേരാണ് എഴുതേണ്ടത്?"

ജീവന്‍ മതമില്ലാതാക്കിയാല്‍ എന്തൊക്കെ കാണേണ്ടിവരും

Baiju Elikkattoor said...

Very Good....

കടത്തുകാരന്‍/kadathukaaran said...

very very good

mmrwrites said...

ഹ്..ഹ..ഹ.. ഒരു പേരെങ്കിലും ആ ചെറുക്കനു കൊടുക്കാമായിരുന്നു.. വെരി ഗുഡ്..

abdul vahid v said...

Excellent write-up....

കുതിരവട്ടന്‍ | kuthiravattan said...

ഹ ഹ ചിരിപ്പിച്ചു. കിടിലന്‍ :-)

Unknown said...

വായിച്ചുമുന്നേറുമ്പോൾ വിട്ടുപോകരുതാത്ത - ശ്രദ്ധിക്കാതെ പോകരുതാത്ത - ഒന്ന്‌ ആ ചിത്രമാണ്. പേരു നഷ്ടപ്പെട്ട ജീവൻ കൈ പിടിച്ചിരിക്കുന്ന ആ സ്റ്റൈൽ! :)

വര ആരാണു പദ്മനാഭൻ‌ജീ‌? ആശയവും?