Monday, July 7, 2008

പാണക്കാട് പാക്കേജ്


തെങ്ങിന് ഉപയോഗിക്കുന്ന തളപ്പല്ല കവുങ്ങിന് ഉപയോഗിക്കുക. വണ്ണം കുറഞ്ഞതുകൊണ്ട് തെങ്ങ് കവുങ്ങാവുകയോ മറിച്ചായതുകൊണ്ട് കവുങ്ങ് തെങ്ങാവുകയോ ഇല്ല. ഈ തളപ്പ് സിദ്ധാന്തം തെങ്ങുകയറ്റ പ്രവര്‍ത്തനത്തില്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണ്.
ഇല്ലെങ്കില്‍ അദ്ധ്വാനം പാഴാവും.
വയലാര്‍ രവി പാണക്കാട്ട് വന്നതുപോലെയാവും.
ആര്യാടന്‍-ലീഗ് പ്രശ്നത്തില്‍ ശരിയായ തളപ്പല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആദ്യം ഉപയോഗിച്ചത്. അതുകൊണ്ടാണ് ആ പ്രശ്നം ആദ്യമെല്ലാം പരിഹരിക്കപ്പെടാതെ കിടന്നത്. ശരിയായ തളപ്പ് പ്രയോഗിച്ചപ്പോള്‍ എത്ര പെട്ടെന്നാണ് അത് പരിഹരിച്ചത്. മലപോലെ വന്നത് എലിപോലെ പോയി.
ആര്യാടന്മാരായ ബാപ്പയും മോനും ചേര്‍ന്ന് എന്തൊക്കെയോ പറഞ്ഞു.
കോണ്‍ഗ്രസ് കഠിനാദ്ധ്വാനം ചെയ്താല്‍ മലപ്പുറത്ത് ലീഗിനെ മറികടക്കാനാവുമത്രെ. അങ്ങനെ കഠിനാദ്ധ്വാനം ചെയ്യരുതെന്ന് കോണ്‍ഗ്രസിന്റെ ഭരണഘടനയിലുമുണ്ട്. മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ ലീഗിനെ ശക്തിപ്പെടുത്താനാണ് കഠിനാദ്ധ്വാനം ചെയ്യേണ്ടത്. മുട്ടിപ്പടി തങ്ങള്‍, കോട്ടപ്പടി തങ്ങള്‍, സ്വലാത്ത് തങ്ങള്‍, ബുഖാരി തങ്ങള്‍ തുടങ്ങി മുട്ടിന്മുട്ടിന് തങ്ങള്‍മാരും സിദ്ധന്മാരുമുള്ള നാടാണ് മലപ്പുറം. ഏതെങ്കിലും തങ്ങളെ ചീത്തപറയണമെങ്കില്‍ പേരെടുത്തുപറയണം. മലപ്പുറത്തെ തങ്ങള്‍ എന്ന് പറഞ്ഞ് 'ഫിത്തന' ഉണ്ടാക്കുന്നതിനും കോണ്‍ഗ്രസ് ഹൈക്കമാന്റ് എതിരാണ്.
തങ്ങള്‍മാരുടെ കോലായ ആര്‍ക്കും കേറി നെരങ്ങാവുന്നതല്ല. ചാനലുകളില്‍ വെള്ളപ്പൊക്കമുണ്ടായി; പത്രങ്ങളില്‍ മഷിയൊലിച്ചുതൂവി. മുസ്ളീംലീഗിന് തുമ്മാന്‍ മുട്ടി.
മൂക്കെങ്ങാന്‍ തെറിച്ചുപോയാലോ?
ഹൈക്കമാന്‍ഡിനു പേടിയായി
ലോകസഭാ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ജയിച്ചില്ലെങ്കില്‍ പോകട്ടെ. വട്ടപ്പൂജ്യത്തിന്റെ മാനക്കേടില്‍നിന്നെങ്കിലും രക്ഷപ്പെടണം. അതുകൊണ്ടാണ് പാണക്കാട്ടെ മൂക്ക് വിറക്കുന്നത് കണ്ട് ഹൈക്കമാന്‍ഡ് തന്നെ നേരിട്ടിറങ്ങിയത്.
ഹൈക്കമാന്‍ഡിന്റെ പ്രത്യേക ദൂതനായി കാബിനറ്റ് റാങ്കുള്ള വയലാര്‍ രവി തന്നെ പാണക്കാട്ട് പറന്നെത്തി. മുറിയടച്ച് ചര്‍ച്ചയും ഭക്ഷണവും നടത്തി. മലപ്പുറത്തുതന്നെയുണ്ടായിരുന്ന ആര്യാടന്മാരെ കാണാതെ മടങ്ങുകയും ചെയ്തു.
കര്‍ണ്ണാടകം ഒന്നടങ്കം കൈവിട്ടുപോയപ്പോള്‍പോലും ഹൈക്കമാന്‍ഡ് ഇത്രത്തോളം സീരിയസ്സായി ഇടപെട്ടിട്ടില്ല. ആര്യാടന്‍-ലീഗ് തര്‍ക്കം അവിടെ തീരേണ്ടതായിരുന്നു.
പക്ഷേ,
തീര്‍ന്നില്ലെന്ന് മാത്രമല്ല വളര്‍ന്ന് വലുതാവുകയും ചെയ്തു. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുപോലും തീരാത്ത പ്രശ്നം പരിഹരിക്കാന്‍ പിന്നെ കെ.പി.സി.സി. എന്ന നിലയിലാണ് ഇടപെട്ടത്. ചില കാര്യത്തില്‍ അങ്ങനെയാണ്. ആയിരത്തെക്കാള്‍ വലുത് തൊള്ളായിരമായെന്നുവരും. ലീഗിലൊക്കെ അഖിലേന്ത്യാപ്രസിഡണ്ടുമാരെ നിയമിക്കുന്നതും പുറത്താക്കുന്നതും തള്ളിപ്പറയുന്നതും സംസ്ഥാനകമ്മിറ്റിയാണ്. ഇത്തരത്തില്‍ നിരവധി തവണ നിര്‍ണ്ണായകമായി തീരുമാനമെടുത്തപാര്‍ട്ടിയാണത്.
കെ.പി.സി.സി ഏറ്റെടുത്ത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍തന്നെ പ്രശ്നത്തിന് അല്പമൊരു അയവുവന്നു. അങ്ങനെയാണ് വേണ്ടപ്പെട്ടവര്‍വേണം ഇടപെടാന്‍. പക്ഷേ, അല്പം പിഴച്ചു. ബാപ്പയോട് ചോദിക്കേണ്ട ചോദ്യം മോനോട് ചോദിച്ച് പ്രശ്നം അവസാനിപ്പിച്ചതായി കെ.പി.സി.സി പറഞ്ഞു.
അത് ശരിയല്ലല്ലോ.
പ്രശ്നം അവസാനിച്ചുവോ ഇല്ലയോ എന്ന് പറയേണ്ടത് കോണ്‍ഗ്രസല്ല ലീഗാണ്. അവര്‍ അവരുടെ ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നു. പ്രശ്നം അവസാനിപ്പിച്ചിട്ടില്ലെന്ന് കട്ടായമായി പറയുകയും ചെയ്തു.
വീണ്ടും ചാനലുകളില്‍ വെള്ളപ്പൊക്കം.
പത്രങ്ങളില്‍ മഷിയൊഴുക്ക്.
ഖിയാമം നാള്‍ അടുത്തുവരുന്നതുപോലെ.
കോഴിക്കോട് കടപ്പുറത്ത് സുനാമിത്തിരയുടെ അല.
എന്തൊക്കെയോ സംഭവിക്കുമെന്നു കരുതി ഏവരും മുന്‍കരുതലുകള്‍ തുടങ്ങി. കെ. എം. മാണി തൊട്ട് കെ.ബി. ഗണേഷ്കുമാര്‍ വരെയുള്ള ഘടകകക്ഷികള്‍ പാണക്കാട്ടെത്തി തങ്ങളുടെ അനുഗ്രഹം വാങ്ങി.
എന്തും സംഭവിക്കാം.
ഉദ്വേഗപൂര്‍ണ്ണമായ ദിനങ്ങള്‍.
പാനല്‍ ചര്‍ച്ചകള്‍, രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങള്‍. കൂലിയെഴുത്തുകാരുടെ ലേഖനങ്ങള്‍.
അപ്പോഴാണ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനും കൂടി പാണക്കാട്ട് ചെന്നത്. അവര്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ കയറി. ചായ കുടിച്ചു. അണ്ടിപ്പരിപ്പ് തിന്നു. ഹലുവാകഷ്ണം തിന്നു. ടവ്വലെടുത്തു ചിറി തുടച്ചു. തങ്ങളുടെ കൈ പിടിച്ചു മുത്തി. ആലിംഗനം ചെയ്തു.
ആര്യാടന്‍ ഇനിയും ഇതുപോലെങ്ങാന്‍ പറഞ്ഞാല്‍ വീണ്ടും വരാമെന്ന് പറഞ്ഞു.
' ഇന്‍ഷാ അള്ളാ'
അങ്ങനെ വീണ്ടും വരാനും കാണാനും പരമകാരുണികനും ദയാനിധിയുമായ അള്ളാഹു അനുഗ്രഹിക്കട്ടെ.
ഇതുപോലെ ശുഭപര്യവസായിയായ ഒരു പാക്കേജ് തയ്യാറാക്കാന്‍ എല്‍.ഡി. എഫിന് കഴിയുമോ? അസൂയ നന്നല്ല. സ്വന്തമായി പ്രാക്ടീസ് ചെയ്യുകയാണ് വേണ്ടത്.
പാണക്കാട്ടെ അണ്ടിപ്പരിപ്പ് തിന്നേണ്ടത് വയലാര്‍ രവിയല്ല. വയലാര്‍ രവി കെ.പി.സി.സി പ്രസിഡണ്ടായിരുന്ന കാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ചെന്നിത്തല വേണം അത് തിന്നാന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും ചികിത്സ നടത്തി പരാജയപ്പെട്ട ആര്യാടന്റെ അരയില്‍ കെട്ടാനുള്ള ഉറുക്ക് ഏല്പിക്കേണ്ടതും ചെന്നിത്തലയെ ആവണം.
അതാണ് ആദ്യമേ പറഞ്ഞത് ഓരോന്നിനും ഓരോ തളപ്പുണ്ടെന്ന്.
വാലറ്റം: ഉമ്മന്‍ചാണ്ടിയുടെ സ്കൂളില്‍ ഏഴാം ക്ളാസിലെ സാമൂഹ്യപാഠം പഠിപ്പിക്കുന്നില്ല: വാര്‍ത്ത.
കമന്റ്: ഹൈബി ഈഡന്റെ സത്യാന്വേഷണ പരീക്ഷകള്‍ പഠിപ്പിച്ചാലോ?

2 comments:

padmanabhan namboodiri said...

ഹൈക്കമാന്ഡ് ഇടപ്ര്ട്ടിട്ടും തീരാത്ത പ്രശ്നം രമേശ് ചെന്നിത്തല അണ്ടിപ്പരിപു തിന്നപ്പം തീര്‍ന്നു. അതാണു പാണക്കാട് പാക്കേജ്

ഫസല്‍ ബിനാലി.. said...

കൊല്ലം എല്‍ ഡി എഫ്(തൊണ്ട് പൊളിച്ചത്)
പാലക്കാട് സി പി എം(പുഴുങ്ങിയത്)...ഒന്ന് എഴുതിക്കേ
കാണട്ടെ.