Monday, June 23, 2008

ഇഷ്ടമില്ലാത്ത അച്ചി തൊട്ടാല്

ചില കാര്യങ്ങള്‍ അങ്ങനെയാണ്
ശീലിച്ചുകഴിഞ്ഞാല്‍ നിര്‍ത്താന്‍ പ്രയാസമാണ്
അത്തരത്തിലൊന്നാണ് സമരം. എവിടെയെങ്കിലും ചെന്ന് കല്ലേറോ തീവയ്പോ നടത്തിയില്ലെങ്കില്‍ ഉറക്കം കിട്ടില്ല. അതുകൊണ്ടാണ്, വയനാട് ഡി. എഫ്. ഒ ഓഫീസ് അടിച്ചു തകര്‍ത്ത സി. ഐ. ടി. യു ക്കാരെ നാം കുറ്റപ്പെടുത്താത്തത്.
പിന്നെ,
ദോഷം മാത്രം തിരയുന്നവര്‍ക്ക് എവിടെയും ചില ദോഷം കാണാന്‍ പറ്റും.വനം വകുപ്പ് ഭരിക്കുന്നത്സി. പി. ഐ. ആയതുകൊണ്ടാണ് സി. പി. എമ്മിന്റെ തൊഴിലാളി ശി ങ്ക ങ്ങള്‍ വനം വകുപ്പ് ഓഫീസിനു നേരെ തിരിഞ്ഞതെന്ന് ആക്ഷേപിക്കാം. സി.പി. ഐയോട് തോറ്റതിന് വനം വകുപ്പിനോട് എന്നോ മറ്റും പഴഞ്ചൊ
ല്ലുമുണ്ടത്രെ!
അടിയന്തരവസ്ഥക്കാലത്ത് വനം വകുപ്പ് പിടിച്ചെടുത്ത ഒരു സ്വകാര്യവ്യക്തിയുടെ ഭൂമി വിട്ടുകൊടുക്കാന്‍ മന്ത്രിസഭായോഗം തിരുമാനിച്ചിരുന്നു എന്നത് നേര്. ആ മന്ത്രിസഭായോഗത്തില്‍ സി.പി. ഐ മന്ത്രിമാര്‍ പങ്കെടുത്തതും നേര്.
മന്ത്രി സഭായോഗത്തില്‍ തീരുമാനിച്ചപോലെ കാര്യങ്ങള്‍ നടത്തിയതിനാണ് റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍ ഗോള്‍ഫിന്റെ കുഴിയില്‍ വീണുപോയത്.നിവേദിത ഹരന്‍ പുലിവാലുപിടിക്കുന്നതും മന്ത്രി സഭായോഗം നടപ്പാക്കിയതുകൊണ്ടാണ്.
മന്ത്രിസഭ ഒന്നു തീരുമാനിക്കും, എന്നിട്ട് , മറ്റൊന്നു നടപ്പാക്കാന്‍ ഫോണിലുടെ നിര്‍ദേശം നല്‍കും.പത്രത്തില്‍ അച്ചടിച്ചുവരുന്നതും നാട്ടില്‍ നടക്കുന്നതും തമ്മില്‍ കളളും എളളും തമ്മിലുളള ബന്ധം പോലും ഉണ്ടാവാത്തത് അതുകൊണ്ടാണ്. സംസ്ഥാനത്ത് അനധികൃത പവര്‍കട്ട് ഇല്ല എന്ന് പ്രഖ്യാപിച്ചാല്‍ അതേ ഉള്ളൂ എന്നാണര്‍ത്ഥമെന്ന് ഏതു കണ്‍സ്യൂമര്‍ക്കും അറിയാം.
അതുപോട്ടെ.
മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കിയതിനാണ് മൂന്നാറില്‍ മുഖ്യമന്ത്രി ക്ഷ വരച്ചത്. എലിയെ പിടിക്കാന്‍ മലയിലേക്കയച്ച പൂച്ചകള്‍ സിംഹത്തിന്റെ വായിലകപ്പെട്ടു എന്നാണ് ഒടുവില്‍ കേട്ടത്.
മന്ത്രിസഭ തീരുമാനിച്ച കാര്യം തന്നെയായിരുന്നു ഗോള്‍ഫുകളിക്കാരെ പിടികൂടണമെന്നതും. അതു നടപ്പാക്കിയ റവന്യൂവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കളളിയോ കളളം പറഞ്ഞവരോ കളളസത്യം ചെയ്തവരോ ആയി.
ഈ സാഹചര്യത്തില്‍ വനം മന്ത്രി ബിനോയ് വിശ്വം എടുത്ത തീരുമാനം ശ്ളാഘനീയമാണ്. മന്ത്രിസഭാ തീരുമാനത്തിന് എതിരെ നിലപാടെടുക്കുക.വയനാട്ടിലെ ഭൂമി വിട്ടുകൊടുക്കാനാണ് മന്ത്രിസഭ തീരുമാനിച്ചതെങ്കില്‍ അതു കയ്യേറി പിടിച്ചെടുക്കുകയാണ് വനം മന്ത്രി ചെയ്യേണ്ടത്. ചെയ്തതും അതാണ്.
പക്ഷേ, ഇപ്പോള്‍ അതിന്റെ പേരിലാണ് സമരം. തിരുവനന്തപുരത്ത് ഒരു നയം; വയനാട്ടില്‍ മറ്റൊരു നയം. ഇതെവിടത്തെ നയമാണ്. എന്തുന്യായമാണ്?
അതാണ് ആദ്യം പറഞ്ഞത്. സമരം ചെയ്തുശീലിച്ചാല്‍ എളുപ്പത്തിലൊന്നും നിര്‍ത്താന്‍ പറ്റില്ലെന്ന്. കിടക്കാന്‍ സിമന്റ് ബഞ്ചും കുടിക്കാന്‍ കട്ടന്‍ചായയും കഴിക്കാന്‍ പരിപ്പുവടയും വലിക്കാന്‍ ദിനേശ് ബീഡിയും വിളിക്കാന്‍ ഇന്‍ക്വിലാബും നഷ്ടപ്പെടാന്‍ കൈവിലങ്ങും മാത്രമായിരുന്ന കാലത്ത് ശീലിച്ചതാണ് സമരം.
ഭരണം കിട്ടുമെന്നൊന്നും അന്നു കരുതിയതല്ല.
കഷ്ടകാലത്തിന് ഭരണം കിട്ടി.
അപ്പോഴാണ് ഭരണവും സമരവും എന്ന അടവുനയം ആവിഷ്കരിച്ചത്. കേരളത്തില്‍ ഭരണം കിട്ടിയാലും കേന്ദ്രത്തോട് സമരം ചെയ്യാം. കേന്ദ്രവിരുദ്ധസമരം മടുത്താല്‍ സാമ്രാജ്യത്വ വിരുദ്ധമാവാം. അതും മടുത്താല്‍ ഘടകകക്ഷി വിരുദ്ധമാവാം. ഇപ്പോള്‍ നടക്കുന്നത് അതാണ്. മൂന്നാര്‍ മുതല്‍ അതാണ് നയം. ഭരണത്തിനു ഭരണം; സമരത്തിനു സമരം.
ഇഷ്ടമില്ലാത്ത അച്ചിയുടെ നേരെയായാല്‍ സമരവും ചെയ്യാം മുടിയും മിനുക്കാം. സി.പി.ഐ ഭരിക്കുന്ന വകുപ്പുകള്‍ക്ക് നേരെയായാല്‍ വാര്‍ത്താപ്രാധാന്യം കൂടുകയും ചെയ്യും.
ഇപ്പോള്‍ വയനാട്ടിലെ വനംവകുപ്പുകാര്‍ സി.പി.എം കാരെ ഭയന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. വനംമന്ത്രിയെ പിടികൂടാന്‍ ഇതിലും പറ്റിയ അവസരമില്ല.
ഗോള്‍ഫിന്റെ കാര്യത്തില്‍ റവന്യു വകുപ്പിനും വയനാട്ടിന്റെ കാര്യത്തില്‍ വനംവകുപ്പിനും പറ്റിയപോലുള്ള അക്കിടിയൊന്നും ഭക്ഷ്യവകുപ്പിന് പറ്റിയില്ല. ഭക്ഷ്യസുരക്ഷാ പദ്ധതിയെന്നു കേട്ടപ്പോള്‍തന്നെ അതിനു പിറകെ പുറപ്പെട്ടിരുന്നെങ്കില്‍ അതുമതി പ്രശ്നമാവാന്‍. ഇതിപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. ഭക്ഷ്യ പദ്ധതി തുടങ്ങിക്കഴിഞ്ഞെന്നു മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പറയാം. അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലെന്ന് ഭക്ഷ്യമന്ത്രി ദിവാകരനും പറയാം. ആര്‍ക്കും ആര്‍ക്കെതിരെയും സമരം ചെയ്യാം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നത് ഇങ്ങനെ വേണം നിറവേറ്റാന്‍.
ഇതാണ് ശരിയായ കമ്മ്യൂണിസ്റ്റ് ലൈന്‍. കമ്മ്യൂണിസം നടപ്പായാല്‍ പോലും കമ്മ്യൂണിസ്റ്റ് മുതലാളിത്തത്തിനെതിരെ ഒരു പ്രോലിറ്റേറിയന്‍ സമരത്തിന് സാധ്യത കാണന്നം. ഗോള്‍ഫിലും വയനാട്ടിലും മാത്രം പോരാ. മുഖ്യമന്ത്രിയുടെ കട്ടൌട്ട് വെക്കുന്ന സഖാവിനെതിരെ പോലും സമരം നടത്താന്‍ സ്വാതന്ത്യ്രമുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്
വാലറ്റം: ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം.
കമന്റ്: സി.പി.ഐ ഓഫീസാണെന്ന് വിചാരിച്ചു കാണും.

5 comments:

Radheyan said...

നമ്പൂരിച്ചാ,താങ്കള്‍ ആലപ്പുഴയിലെ ഡിസിസി ഓഫീസും സിപിഐ ഡിസി ഓഫീസും കണ്ടിട്ടുണ്ടോ.ഒരു റോഡിന്റെ ഇരു പുറവും അങ്ങോട്ടും ഇങ്ങോട്ടും നോക്കി....

Anonymous said...

കഴിഞ്ഞ ഭരണകാലത്ത്‌ കരുണാകരനായിരുന്നു ആ അഞ്ച്‌ വര്‍ഷത്തെ പാര. എങ്കിലും അതിനിടയിലും അവര്‍ കാര്യങ്ങള്‍ നടത്താനുള്ള മനസും സമയവും താല്‍പര്യവും കാട്ടിയിരുന്നു. അതൊന്നും ആ ഭരണത്തില്‍ നടത്താന്‍ ഇപ്പോഴത്തെ ഭരണപക്ഷം (അന്നത്തെ പ്രതിപക്ഷം) അന്ന്‌ നടത്താന്‍ സമ്മതിച്ചില്ല എന്ന്‌ മാത്രമല്ല. കോടികളുടെ നഷ്ടം സമരവും മുതല്‍ നശിപ്പിക്കല്‍ കൊണ്ടും കോടികളുടെ നഷ്ടവും വരുത്തിവെച്ചു. എന്നാല്‍ ഭരണം മാറിവന്ന അവരും കഴിഞ്ഞ ഗവണ്‍മെന്റിന്റെ പാത പിന്തുടരുന്ന രസകരമായ അവസ്ഥയാണ്‌ ജനങ്ങള്‍ക്ക്‌ കാണാനായത്‌. നമുക്ക്‌ നഷ്ടപ്പെട്ട അഞ്ച്‌ വര്‍ഷം നമുക്ക്‌ മറക്കാം. തിരിച്ചികിട്ടില്ല എന്ന്‌ ഉറപ്പുള്ളതു കൊണ്ടുമാത്രം മറക്കാം. പക്ഷേ അതും നടത്താന്‍ ഇവര്‍ തമ്മിലുള്ള (പേരിന്റെ പോരില്‍) ഇവര്‍ തന്നെ സമ്മതിക്കുന്നില്ല എന്നത്‌ നമ്മെ ലജ്ജിപ്പിക്കേണ്ടിയിരിക്കുന്നു. ജനമേ നാണിക്കുക.
ആര്‍.

Anonymous said...

നിങ്ങളുടെ ബ്ലോഗ്‌ നന്നായിട്ടുണ്ട്‌. നിങ്ങളുടെ തന്നെ അഭിപ്രായം ഉള്ളതു കൊണ്ടാവാം അബ്ദുല്ലക്കുട്ടി എം.പി ഒരു പരിപാടിക്കിടയില്‍ സമരങ്ങളും ഹര്‍ത്താലുകളും പുരോഗതിയെ ബാധിക്കുന്നു എന്ന്‌ പറഞ്ഞത്‌. അതാ കിടക്കുന്നു.... അബ്ദുല്ലക്കുട്ടിയും. പാര്‍ട്ടിയുടെ പരസ്യ ശാസന. കാലം മാറിവരും. മറ്റു എം.പിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും ഈ അഭിപ്രായം അധികം വൈകാതെ ഉദിക്കുമെന്ന്‌ കരുതാം.
ആര്‍

Ajith said...

adipoli thirumeni...

Martin Morgan said...

thanks for sharing this wonderful thought..

Dissertation Writing | Course works | writing