Monday, June 16, 2008

കള്ള വാങ്മൂലം


കള്ള വാങ്മൂലം

ശ്രീശാന്തും ഹര്‍ഭജനുമൊക്കെ അരയും ഹെല്‍മറ്റും മുറുക്കി നിന്നാലും ക്രിക്കറ്റില്‍ ചിലപ്പോള്‍ മഴയാവും കളിക്കുക.
എന്നാല്‍ ഗോള്‍ഫില്‍ അങ്ങനെയല്ല.
കുഴിയാണ് ഗോള്‍ഫിലെ മാന്‍ ഓഫ് ദ മാച്ച്. ചതിക്കുഴിയെന്ന് ഓമനപ്പേര്.
വേദപുസ്തകം തൊട്ട് സത്യം ചെയ്ത് ഗോള്‍ഫിന്റെ പേരില്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്താല്‍ നേരം പുലരും മുമ്പ് അത് കള്ളവാങ്മൂലമായി മാറും.
അതുകൊണ്ടാണ് കളിക്കണ്ട കളിയല്ല ഗോള്‍ഫ് എന്നു പറയുന്നത്. അതു മറ്റു ചിലതാണ്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോ,
റവന്യു മന്ത്രി കെ.പി രാജേന്ദ്രനോ,
രാജേന്ദ്രന്റെ പ്രിന്‍സിപ്പാള്‍ നിവേദിതയോ ഗോള്‍ഫ് കളിക്കാരല്ല.
എന്നിട്ടും ഇവരെ കൊണ്ട് ആരൊക്കെയോ കളിപ്പിക്കുന്നു.
എന്നിട്ടോ, കളത്തിന്റെ അങ്ങേയറ്റത്തുള്ള കുഴിയില്‍ വീഴുകയും ചെയ്യുന്നു.
വാസ്തവത്തില്‍ ആരു തമ്മിലാണ് കളി?
കോടതിയില്‍ കള്ളവാങ്മൂലം നല്‍കിയെന്ന് സര്‍ക്കാര്‍ പറയുന്ന നിവേദിതയുടെ കാര്യം എടുക്കാം.
ബംഗാളില്‍ നിന്ന് സര്‍ക്കാരുദ്യോഗം കിട്ടി റവന്യു വകുപ്പില്‍ പ്രിന്‍സിപ്പാളായി തിരുവനന്തപുരത്തെത്തിയ നിവേദിതയ്ക്ക് മൂന്നാര്‍ പൊളിച്ചാലും ഗോള്‍ഫ് കളിച്ചാലും ഒരു പോലാണ്.
അവരുടെ അമ്മായിഅപ്പന്റെ വകയല്ല ഇതു രണ്ടും. മൂന്നാറില്‍ കളിക്കാനിറങ്ങിയതും ഗോള്‍ഫില്‍ കളി നിര്‍ത്താന്‍ തീരുമാനിച്ചതും മന്ത്രിസഭയാണ്.
മന്ത്രിസഭാ തീരുമാനത്തിന്റെ ചുവട്ടില്‍ ചീഫ് സെക്രട്ടറി 'ശൂ' എന്നു വരച്ചാല്‍ അതു നടപ്പാക്കലാണ് ഈ പ്രിന്‍സിപ്പാളുമാരുടേയും സെക്രട്ടറിമാരുടേയും ജോലി.
ഗോള്‍ഫ് എന്ന തലസ്ഥാനത്തെ പട്ടഷാപ്പ് രായ്ക്കുരാമാനം ഏറ്റെടുക്കണം എന്നു തീരുമാനിച്ചത് സര്‍ക്കാരാണ് .
അതു ചെയ്യേണ്ടത് റവന്യു വകുപ്പാണ്.
അതിന്റെ മന്ത്രി സി.പി.ഐാണ്.
ടിയാന്‍ കെ.പി രാജേന്ദ്രനാണ്.
മേപ്പടിയാന്റെ സെക്രട്ടറി നിവേദിതയാണ്. അപ്പോള്‍ ഗോള്‍ഫ് പിടിച്ചെടുക്കേണ്ടത് ഇവരുടെ പണിയാണ്. സിംപിള്‍ ആണ് ഈ ലോജിക്ക്.
എന്നാല്‍ നിയമ വകുപ്പ് സി.പി. എമ്മിനാണ്.
അതിന്റെ മന്ത്രി വിജയകുമാറാണ്.
ടിയാന്റെ അണ്ടറിലുള്ള സെക്രട്ടറിയാണ് വി. ഷാജിമോനാണ്.
റവന്യുവകുപ്പും അതിന്റെ മന്ത്രിയും മന്ത്രിയുടെ പ്രിന്‍സിപ്പാളും നിയമത്തിന്റെ വഴിക്കാണോ പോകുന്നത് എന്ന് നോക്കാനുള്ള കൂട്ടുത്തരവാദിത്തം സി.പി. എമ്മിനും, അതിന്റെ മന്ത്രിക്കും മന്ത്രിയുടെ സെക്രട്ടറിക്കും ഉണ്ട്.
ഭക്ഷ്യസുരക്ഷ സി.പി. ഐയുടെ മാത്രം ഉത്തരവാദിത്തമാണെങ്കില്‍ നിയമം തലനാരിഴ കീറി പരിശോധിച്ച് വ്യാഖ്യാനിക്കേണ്ടതും റവന്യു വകുപ്പ് മന്ത്രിയുടെ സെക്രട്ടറി നല്‍കുന്ന സത്യവാങ്ങ്മൂലത്തെ കള്ളവാങ്ങ്മൂലമാക്കേണ്ടതും സി.പി. എമ്മിന്റെ കടമയാണ്. അവകാശമാണ്.
സി.പി. ഐക്ക് ഇനിയും സ്കോപ്പുണ്ട്. ഹൈക്കോടതി മുമ്പാകെ ഇപ്പോള്‍ നിരവധി വാങ്ങ്മൂലങ്ങളുമുണ്ട്. ഏതാണ് ഒറിജിനല്‍ കള്ളവാങ്ങ്മൂലമെന്നും ഏതാണ് തെറ്റായ സത്യവാങ്ങ്മൂലമെന്നും അറിയാനാവാത്ത അവസ്ഥ.
നിയമവകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി നല്‍കിയതാണ് കള്ളവാങ്ങ്മൂലമെന്ന് കാണിച്ച് മറ്റൊരു സത്യവാങ്ങ്മൂലം റവന്യുവകുപ്പിന്റെ മന്ത്രിക്കുതന്നെ സമര്‍പ്പിക്കാവുന്നതാണ്. വേണമെങ്കില്‍ കാബിനറ്റ് മീറ്റിംഗിന്റെ മിനുട്ട്സും സമര്‍പ്പിക്കാം.
റവന്യു മന്ത്രി അപ്രകാരമൊരു സത്യവാങ്ങ്മൂലം നല്‍കിയാല്‍ മുഖ്യമന്ത്രിക്ക് അതിലും വലിയൊരു സത്യവാങ്ങ്മൂലത്തിന് സാധ്യതയുണ്ട്. മുഖ്യമന്ത്രിയാണ് തലതൊട്ടപ്പന്‍. മൂപ്പിലാന്‍ പറയുന്നതാണ് മന്ത്രിസഭയുടെ കാര്യത്തില്‍ അവസാനവാക്ക്.
അപ്പോഴും കളി അവസാനിക്കണമെന്നില്ല. അതിനെതിരെ വാളെടുക്കാന്‍ ഇപ്പുറത്ത് വെളിച്ചപ്പാടുണ്ട്. വെളിയം ഭാര്‍ഗ്ഗവന്‍ സന്യാസി ആയിട്ടില്ല, ആവാന്‍ നോക്കിയിട്ടേയുള്ളൂ.
ഇപ്പോള്‍ മനസ്സിലായില്ലെ കളിക്കേണ്ട കളിയല്ല ഗോള്‍ഫെന്ന്. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഒരക്ഷരത്തിന്റെ മാത്രം വ്യത്യാസമല്ല ഉളളതെന്ന്.കമ്മ്യൂണിസ്റ്റ് പുനരേകീകരണം കമ്മ്യൂണിസ്റ്റ് ഭരണം പോലെ ഒരു സ്വപ്നവുമാണെന്ന്.
വാലറ്റം:ഭക്ഷ്യ സുരക്ഷാ പദ്ധതിയെന്നൊരു സാധനം കേരളത്തില്‍ ഉണ്ടോയെന്ന് അറിയില്ല-ഭക്ഷ്യമന്ത്രി ദിവാകരന്‍
കമന്റ്:ഉണ്ടിരിക്കുമ്പം തോന്നുന്ന വിളി

പ്രതികരണങ്ങള്‍
..............................

കൊള്ളാം: ഹര്‍ത്താല്‍ നടത്തുകയല്ലാതെ എന്താ വഴി?- ഫസല്‍
മാങ്ങയേറ്: കഴിഞ്ഞലക്കം പൊടിപ്പും തൊങ്ങലും കേരളത്തില്‍ പ്രകാശ് കാരാട്ട് നടത്തിയ ആ ഏറ് കലക്കി മാഷേ.-പ്രവീണ്‍ പെരുമ്പാവൂര്‍ (00973) 39556987.
എല്ലാ ആഴ്ചയും: ഹര്‍ത്താല്‍ ആഴ്ചയില്‍ ഒന്നു വീതം നടത്തിയാല്‍ പെട്രോള്‍ ലാഭിക്കാം
-രാധാകൃഷ്ണന്‍, ഇറ്റാനഗര്‍.
സിന്ദാബാദ്: എണ്ണവില കൂടിയാലെന്ത്? ഹര്‍ത്താല് വിജയിച്ചില്ലെ സഖാക്കളെ
-എസ് ഹരി, നെടുമങ്ങാട്, 9446848640.
താങ്ങുകൂലി: ഇടതന്മാര്‍ക്ക് മാസാമാസം താങ്ങുകൂലി കൊടുക്കാന്‍ എണ്ണവില കൂടാതെ പറ്റുമോ?
- എസ്.സന്തോഷ് കുമാര്‍, മലയന്‍കീഴ് 9995361620.
നാട്ടിലെങ്ങും വട്ടായി: റേഡിയോ ഹര്‍ത്താല്‍ കേട്ട് നാട്ടിലെങ്ങും വട്ടായി
-സമീദ് കാറല്‍മണ്ണ 9947651511.
കാരാട്ടച്ചോ?: ങ്ങള് പോണുണ്ടെങ്കില് ബേഗങ്ങ് പോയാട്ടേ. ഞമ്മക്ക് സ്വസ്ഥായിട്ടന്ന് ഭരിക്കണം- സീരു വി.പി, കീഴ്മാടം, കണ്ണൂര്‍, 9995786888

പ്രതികരണങ്ങള്‍ എസ്.എം.എസ് ചെയ്യുക 9946108225

5 comments:

padmanabhan namboodiri said...

പ്രിയപ്പെട്ടവരെ
പൊടിപ്പും തൊങലും ഇനി മുതല്‍
യൂണികോഡില്‍

ബ്ളൊഗുകാര്‍ക്കു വേണ്ടി
സഹകരണം പ്രതീക്ഷിക്കുന്നു

പദ്മനാഭന്‍ നമ്പൂതിരി

super lotto results said...

Baw, kasagad-sagad sa iya ubra blog!

അനൂപ്‌ കോതനല്ലൂര്‍ said...

ഈ നമ്പൂതിരിയാളു പുലിയാണ് കേട്ടോ

സാദിഖ്‌ മുന്നൂര്‌ said...

തകര്ത്തു. കള്ളവാങ്മൂലം എന്ന പ്രയോഗം ഇഷ്ടമായി.

അനാഗതശ്മശ്രു said...

ഈ കള്ളവാങ്മൂലക്കാരെയും മൂലക്കുരുപൊട്ടി വികലാം ഗരായ വരെയും വെച്ചു വിനയനെ കൊണ്ടു ഒരു പടം പിടിച്ചാലോ?
ജനത്തിനു ആ ഗോള്‍ ഫ് മൈദാനമല്ല വേണ്ടതു..ആ വീശി അടിക്കുന്ന കോല്.... ഓരോ പൊട്ടീരു കൊടുക്കാന്‍