
അങ്ങനെ അഹമ്മദ് സായ്വ് ലീഗിന്റെ അഖിലേന്ത്യാ മില്ലത്തായി. ആര്. എസ്. പിയുടെ ചന്ദ്രചൂഢനും സി.പി. എമ്മിന്റെ പ്രകാശ്കാരാട്ടും കഴിഞ്ഞാല്‍ അഖിലേന്ത്യാ തലത്തില്‍ കേരളത്തില്‍ നിന്ന് ഒരാള്‍കൂടി.പക്ഷേ, ലീഗിന്റെ കാര്യത്തില്‍ ചില വ്യത്യാസമൊക്കെയുണ്ട്. അഖിലേന്ത്യനായാലും അന്താരാഷ്ട്രനായാലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാനതലത്തില്‍പ്പോലുമല്ല. മലപ്പുറം ജില്ലാ തലത്തിലാണ്.അതുകൊണ്ടാണ്് അഖിലേന്ത്യാ പ്രസിഡന്റായ അഹമ്മദ് സായ്വാണോ സംസ്ഥാന പ്രസിഡന്റായ ശിഹാബ് തങ്ങളാണോ ഇമ്മിണി ബല്യ ഒന്ന് എന്ന ചോദ്യമുയരുന്നത്.നമുക്കൊക്കെ അറിയാം.ബല്യ ഒന്ന് ശിഹാബ് തങ്ങളാണ്.അഹമ്മദ് സായ്വിനും അതറിയാം. ദേശീയ പ്രസിഡന്റിന്റെ തൊപ്പിയണിയുമ്പോഴും പാണക്കാട് തങ്ങളാണ് തന്റെ നേതാവെന്ന് സായ്വ് തുറന്നു പറയുന്നത് അതുകൊണ്ടാണ്.എന്നാല്‍ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ല. തങ്ങളാണ് നേതാവെന്ന് പറഞ്ഞുനടന്ന കാലത്തുതന്നെയാണ് 1991ല്‍ നാടുകടത്തപ്പെട്ടത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമൊക്കെയായി മുസ്ളീംലീഗിന്റെ സോള്‍ പ്രൊപ്രൈറ്റര്‍ ആവാനിരുന്ന സമയത്താണ് സംസ്ഥാന ലീഗില്‍ വേറൊരു കുട്ടി ലീഡര്‍ ഉണ്ടായതും സായ്വിനെ കോണിയുടെ ചില പടവുകള്‍ കൂടി കയറ്റി ഡല്‍ഹിക്ക് അയച്ചതും.ജീവനാംശബില്ലും മറ്റുമായി ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്ററി പെര്‍ഫോമന്‍സ് നടത്തിയ ബനാത്ത്വാലയ്ക്ക് ടിക്കറ്റ് നിഷേധിച്ചാണ് ഈ കൊടുംകൃത്യം ചെയ്തത്. അന്ന് ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു ബനാത്ത്വാല.അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പായപ്പോഴേക്കും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിനും ടിക്കറ്റില്ലാതായി. മെഹബൂബെ മില്ലത്ത് എന്ന് സ്നേഹപ്പേരിട്ട് കുട്ടിസായ്പന്മാര്‍ വിളിച്ചുപോന്നിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് വേറെന്തോ മില്ലത്തായി.ലീഗിന്റെ കോണി അങ്ങനെയാണ്.ഓരോ പടിയും ചവിട്ടിക്കയറി മുകളിലോട്ട് പോവുന്തോറും താഴത്തെ പടികള്‍ ഇളക്കിക്കളഞ്ഞിട്ടുണ്ടാവും. പിന്നെ, തിരിച്ചിറങ്ങാന്‍ പറ്റില്ല. ഒറ്റ വീഴ്ചയാണ്. പാമ്പിന്റെ വായിലകപ്പെട്ട് ഐ. എന്‍. എല്‍. ഉണ്ടാക്കുകയോ വരാത്ത വാലയാകുകയോ ആവാം. മൂത്ത ലീഗില്‍ മാത്രമല്ല യൂത്ത്ലീഗിലും ഇതുതന്നെയാണ് ഗതി. യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് കെ.ടി.ജലീലിനെ അഖിലേന്ത്യാ കണ്‍വീനറാക്കി നാടുകടത്തിയത്. തനിക്ക് സംസ്ഥാന പ്രസിഡന്റ് ആയാല്‍ മതിയെന്ന് ജലീല്‍ ആവുന്നതും പറഞ്ഞുനോക്കി.പിന്നെ നമ്മള് കാണുന്നത് ആ ജലീല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിച്ചൂലാവുന്നതും കുഞ്ഞാപ്പയുടെ വ്യവസായം ലോക്ക് ഔട്ട് ചെയ്യുന്നതുമാണ്.മൂത്ത ലീഗില്‍ ഇനി എന്താണ് സംഭവിക്കുകയെന്നേ നോക്കാനുള്ളൂ. കയറാനുള്ള പടിയൊക്കെ സായ്വ് കയറിക്കഴിഞ്ഞു. എം. എസ്. എഫിന്റെ സ്ഥാപക പ്രസിഡന്റായിട്ടാണ് തുടക്കം. ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍..... അങ്ങനെ കുഞ്ഞാലിക്കുട്ടിയിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വരെയെത്തി. തങ്ങളെക്കൊണ്ട് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുപ്പിക്കുന്ന പദവിയാണത്.അഖിലേന്ത്യാ തലത്തിലാണെങ്കില്‍ ജോയിന്റ് സെക്രട്ടറിയില്‍ തുടങ്ങി ജനറല്‍ സെക്രട്ടറി വഴി ഇപ്പോള്‍ പ്രസിഡന്റ് പദവിയില്‍.ഇനിയാണ് യഥാര്‍ത്ഥ പദവി വരാനിരിക്കുന്നത്. പ്രസിഡന്റായിക്കഴിഞ്ഞാല്‍ ഒരു സ്നേഹപ്പേര് വേണം. ഇസ്മായില്‍ സാഹിബ് ഖായിദെ മില്ലത്ത് ആയിരുന്നു. സേട്ടുസാഹിബ് മെഹബൂബെ മില്ലത്തായിരുന്നു. സേട്ടുവിന്ശേഷം പ്രസിഡന്റായ ബനാത്ത്വാലയാകട്ടെ ശഹീറെ മില്ലത്തായിരുന്നു.സമുദായത്തിന്റെ തോഴനെന്നും സമുദായത്തിന്റെ അളിയനെന്നും മറ്റും അര്‍ത്ഥം വരുന്ന പലതരം പദവികളാണിത്. സമുദായത്തിന്റെ ലിക്വിഡേറ്റര്‍ എന്ന അര്‍ത്ഥം വരുന്ന ഒരു മില്ലത്തുണ്ട്. അത് വേറെ ചിലര്‍ക്ക് വേണ്ടി നേരത്തെത്തന്നെ സംവരണം ചെയ്ത് കഴിഞ്ഞതാണ്. ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും മകനായി പിറന്ന അഹമ്മദിന് തറവാട്ടുപേരില്‍ തന്നെ മില്ലത്ത് പദവിക്ക് സ്കോപ്പുണ്ട്. ഓവിന്റകത്തെ മില്ലത്ത്. എടപ്പകത്തെ മില്ലത്ത്. വല്ല മുസീബത്തെ മില്ലത്തുമാക്കി കോണിയുടെ മുകളില്‍ നിന്ന് താഴോട്ട് തട്ടും മുമ്പ് നല്ല വല്ല മില്ലത്തും തരപ്പെടുത്തുന്നത് നന്ന്.ഒരാള്‍ക്ക് ഒരു പദവി എന്നൊക്കെ പറയുന്നവരുണ്ട്. മില്ലത്ത് പദവിയും കേന്ദ്രമന്ത്രി പദവിയുംകൂടി ഒരാള്‍ വഹിക്കുന്നത് ശരിയല്ല. ഇസ്മായില്‍ സാഹിബോ സേട്ടുസാഹിബോ ബനാത്ത്വാല സാഹിബോ ഇങ്ങനെ ചെയ്തിട്ടില്ല. ആണവകരാര്‍ ഇസ്ളാമിനെ മാത്രമായി ബാധിക്കുന്ന പ്രശ്നമല്ലാഞ്ഞിട്ടുകൂടി അഹമ്മദ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവരുള്ള നാടാണിത്. പക്ഷേ, അമേരിക്കക്ക് ചികിത്സയ്ക്ക് പോവാന്‍ ഒരു കേന്ദ്രമന്ത്രി (അതും വിദേശകാര്യ സഹമന്ത്രി) കയ്യിലുണ്ടാവുന്നത് നല്ലതായതിനാല്‍ തല്ക്കാലം രക്ഷപ്പെട്ടെന്നുമാത്രം. രാവുള്ളപ്പോഴേ നിലാവ് കാണാന്‍ പറ്റൂ എന്ന് ഏതോ ഒരു കിത്താബില്‍ പറഞ്ഞിട്ടുണ്ട്.
വാലറ്റം: ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് ശിഹാബ് തങ്ങള്‍ -വാര്‍ത്ത
കമന്റ്: ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊഹ്യുദ്ദീന്റെ നേതാവ് ഡി. എം.കെ. പ്രസിഡന്റ് മുത്തുവേല്‍ കരുണാനിധിയും.
2 comments:
വാലറ്റം: ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് ശിഹാബ് തങ്ങള്‍ -വാര്‍ത്ത
കമന്റ്: ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊഹ്യുദ്ദീന്റെ നേതാവ് ഡി. എം.കെ. പ്രസിഡന്റ് മുത്തുവേല്‍ കരുണാനിധിയും.
ത് ഫൂ ഫൂ ഫൂ
വളിപ്പ് എഴുതി വെച്ചിരിക്കുന്നു
Post a Comment