
ചില സാമ്പിളുകള്‍ നോക്കുക:
'സെസിനെ എതിര്‍ക്കുന്നത് കയ്യടി നേടാന്‍: ഡി.വൈ. എഫ്. ഐ'
' വിപ്ളവ വായാടിത്തം മതിയാക്കൂ: പിണറായി'.
കേട്ടാല്‍ എന്താണ് വിചാരിക്കുക.
സെസിനെ എതിര്‍ക്കുന്നത് സോണിയാഗാന്ധിയോ ഉമ്മന്‍ചാണ്ടിയോ ആണെന്ന്. വിപ്ളവ വായാടിത്തം നടത്തുന്നത് ഗൌരിഅമ്മയോ എം.വി.രാഘവനോ ആണെന്ന്.
ഇവിടാണ് ഒടിവിദ്യയുടെ പ്രാക്ടീസ്.
ആളെ നമുക്ക് കാണാനാവില്ല. എന്നാല്‍ ആളിന്റെ സാന്നിധ്യം അനുഭവപ്പെടും.
അതായത്, സെസ് ( ഇനി മുതല്‍ ഈ കുറിപ്പില്‍ സെക്സ്) ഏതിര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. വിപ്ളവവായാടിത്തം തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
ആരാണ് ഇത് ചെയ്യുന്നതെന്ന് ഡിഫിയുടെ പ്രസിഡണ്ടായ എം.ബി രാജേഷ് പറയില്ല. സെക്രട്ടറിയായ ടി.വി.രാജേഷും പറയില്ല. പാര്‍ട്ടി സെക്രട്ടറിയായ രാജേഷല്ലാത്ത പിണറായി വിജയനും പറയില്ല.
അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. ആരാണ് സെക്സിനെ എതിര്‍ത്ത് കയ്യടി നേടുന്നത് എന്ന് സ്വന്തം നിലയില്‍ അന്വേഷിക്കാം.
സെക്സ് എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖല. മലയാളത്തില്‍ പറഞ്ഞാല്‍ സ്പെഷല്‍ ഇക്കണോമിക് സോണ്‍. ഒരു പ്രദേശത്തെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയാല്‍പ്പിന്നെ ഭസ്മാസുരന് വരം കൊടുക്കുന്നപോലെയാണ്. അവന്‍ വച്ച നിലയാണ്.
അവനാകും രാജാവ്.
കൊല്ലിനും കൊലയ്ക്കും അധികാരം.
നികുതി നല്‍കേണ്ടതില്ല.
കൂലി കൊടുക്കാതെ ജോലി ചെയ്യിക്കാം.
ചോദിക്കാനും പറയാനും ആളില്ല.
ആ നാട്ടില്‍ തൊഴിലാളി ഇല്ല; അടിമയെ ഉള്ളൂ. ഇക്വിലാബ് എന്നുപോയിട്ട് ' ഇ' എന്നുപോലും ഉച്ചരിക്കാന്‍ അവകാശമുണ്ടാവില്ല.
ഇങ്ങനെ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ 21 പേര്‍ സി.പി. എം സംസ്ഥാനകമ്മിറ്റി വഴി, സംസ്ഥാന സെക്രട്ടറിയേറ്റ് വഴി, സംസ്ഥാന സെക്രട്ടറി വഴി അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ 21 പേരും പാര്‍ട്ടി സെക്രട്ടറിക്ക് വേണ്ടപ്പെട്ടവരാണ്.
ഫാരിസ് അബൂബക്കറിനെപ്പോലെ
ലാവ്ലിന്റെ അളിയനെപ്പോലെ.
സെക്സ് വന്നാല്‍ ഐ.ടി വരും.
ഐ.ടി. വന്നാല്‍ വികസനം വരും.
വികസനം വന്നാല്‍ വികസന വിരുദ്ധര്‍ക്ക് പനി വരും. ആ പനി മൂര്‍ച്ഛിച്ച് ആള്‍ വടിയാവും. ടിയാന്‍ കിടന്ന കട്ടില്‍ ഒഴിയും.
ഇങ്ങനെ ഒട്ടനവധി പരിപ്രേക്ഷ്യങ്ങള്‍ അടങ്ങിയതാണ് സെക്സ്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടപ്പാണ് 21 അപേക്ഷകളും. മുഖ്യമന്ത്രി 'ശൂ' എന്നുവരച്ച് കേന്ദ്രത്തിന് അയച്ചാലേ സെക്സ് നടന്നുകിട്ടൂ.
മൂപ്പിലാനാകട്ടെ പണ്ടേ സെക്സ് വിരുദ്ധനാണ്. വരട്ടു തത്വവാദിയാണ്. മറ്റെന്തൊക്കെയോ ആണ്.
പാര്‍ട്ടി സെക്രട്ടറി തെക്കോട്ട് നടക്കാന്‍ പറഞ്ഞാല്‍ വടക്കോട്ട് ഓടുന്നതാണ് ശീലം.
എ.ഡി.ബിയുടെ വായ്പയിലും.
മൂന്നാറിലെ പൂച്ചയിലും.
കൊച്ചിയിലെ ദളിത് കണ്‍വെന്‍ഷനിലും.
എന്നുവേണ്ട ഏത് വിഷയത്തിലും അതാണ് ലൈന്‍. അതുകൊണ്ട്, പിണറായി വിജയന്റെ മച്ചമ്പിമാരായ 21 പേര്‍ കുറച്ചുകാലംകൂടി കോള്‍ഡ് സ്റ്റോറേജില്‍ ഇരിക്കേണ്ടിവരും.
ഐ.ടി, ഐ.ടി എന്നുപറഞ്ഞ് സ്ഥലം വാങ്ങാം. സെക്സിന്റെ ആനുകൂല്യം പറ്റി 1000 രൂപയുടെ നിര്‍മ്മാണം 200രൂപ കൊണ്ട് തീര്‍ക്കാം. എന്നിട്ട് ഫ്ളാറ്റുണ്ടാക്കി 70 ലക്ഷത്തിന് വില്‍ക്കാം. അങ്ങനെ ഭൂസ്വാമിമാരാവാം.
ഇങ്ങനെയൊക്കെ മനപ്പായസമുണ്ടെങ്കില്‍ വല്ല അഷ്ടചൂര്‍ണ്ണമോ മറ്റോ കഴിച്ച് വിരേചനത്തിന് വഴി നോക്കുക.
സെക്സിന്റെ കാര്യത്തില്‍ ചില നയമൊക്കെയുണ്ട്. ഈ 21 അപേക്ഷകള്‍ വന്ന വഴിയേത്? താമസിച്ച സ്ഥലമേത്? എന്നൊക്കെ നോക്കാതെ 'ശൂ' വരയ്ക്കാന്‍ പറ്റില്ല.
സംസ്ഥാന കമ്മിറ്റിക്ക് എന്തും തീരുമാനിക്കാം. എന്നാല്‍ ആന്റണിക്ക് പറ്റിയ അബദ്ധം തനിക്ക് പറ്റരുതെന്ന് വി. എസിന് നിര്‍ബന്ധമുണ്ട്. എന്നെ പറ്റിച്ചേ എന്നു കരഞ്ഞുവിളിക്കാന്‍ അച്ചുമാമനെ കിട്ടില്ല.
അതുകൊണ്ടാണ് സെക്സിന് തടയിടുന്നത്.
എന്നാല്‍ സ്റ്റണ്ട് എത്രയുമാവാം.
ആരുമായിട്ടുമാവാം.
അതിനുപിന്നില്‍ ഒരാദര്‍ശമുണ്ട്.
എതിരാളിയുണ്ട്.
തോല്‍വിയോ ജയമോ ഉണ്ട്. തല്‍ക്കാലം സ്റ്റണ്ടില്‍ തൃപ്തിപ്പെടുന്നതാണ് നല്ലത്.
വാലറ്റം: ആന്റണിക്ക് പറ്റിയതുപോലുള്ള അബദ്ധം പറ്റരുത്. വി. എസ്.
കമന്റ്: ചരിത്രപരമായ എന്നതാണല്ലോ അംഗീകൃത വിശേഷണം.
3 comments:
സെക്സ് വന്നാല്‍ ഐ.ടി വരും.
ഐ.ടി. വന്നാല്‍ വികസനം വരും.
വികസനം വന്നാല്‍ വികസന വിരുദ്ധര്‍ക്ക് പനി വരും. ആ പനി മൂര്‍ച്ഛിച്ച് ആള്‍ വടിയാവും. ടിയാന്‍ കിടന്ന കട്ടില്‍ ഒഴിയും.
ഇങ്ങനെ ഒട്ടനവധി പരിപ്രേക്ഷ്യങ്ങള്‍ അടങ്ങിയതാണ് സെക്സ്.
വി.എസ്സ്.നെ പോലെ ഈ 21 ആള്കള് മണ്ടന്മാരാണാ? എന്തേ വി.എസ്സി.ന്റെ ശൂ കാത്ത് ഇത്ങ്ങ ഇങ്ങന കുത്തിയിരിക്കണ? അവര്‍ക്ക് ദാ ഞമ്മക്ക് ദേണ്ടേ നീണ്ട് നിവര്‍ന്ന് കിടക്കണ ഇക്കാണണ ഏക്കറ് സെസ്സിനായിട്ട് (അതോ സെക്സിനോ) ബേണം എന്ന് പറഞ്ഞ് ഒരു ആപ്പിലിക്കേഷന്‍ സെസ്സ് കേന്ദ്രത്തിന് നേരിട്ട് കൊടുക്കരുതാ? കേന്ദ്രന്‍ ഇടപെട്ട് സംഗതി ക്ലീനാക്കി കൈയ്യില്‍ കൊടുക്കില്ലേ?
സെസ്സിന് സെക്സ് എന്നെഴുതിയത് തെറ്റിപ്പോയതാണൊ അതോ മനപ്പൂര്‍വ്വമാണോ?
“മൂപ്പിലാനാകട്ടെ പണ്ടേ സെക്സ് വിരുദ്ധനാണ്“ അയ്യോ..
Post a Comment