Sunday, October 11, 2009

ഒരാള്‍ ചിക്കനും പൊറോട്ടയും വാങ്ങിത്തരാനുണ്ടെങ്കില്‍ നമ്മളെന്തിന് നക്സലേറ്റ് ആവണം.




കോണ്‍ഗ്രസിന്‍െറ കച്ചവടം വന്‍ പ്രോഫിറ്റ് ആയി മാറാത്തതു എന്തുകൊണ്ടാണ്? ബിസിനസ് മാനേജ്മെന്‍റ് നന്നായി പഠിച്ച രാഹുല്‍ ഗാന്ധി അതിനു ഉത്തരം കണ്ടെത്തിയിരിക്കുന്നു. ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതു കൊണ്ട്! അരാഷ്ട്രീയം തലക്കു പിടിച്ച ചെറുപ്പക്കാര്‍ കൂട്ടത്തോടെ നക്സലേറ്റുകളാവുകയാണത്രെ!!
ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ്സ് മാത്രമല്ല സമസ്ത പാര്‍ട്ടികളും പൊളിയും. അത് ഒഴിവാക്കാന്‍ വേണ്ടത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ്. അതിനു പറ്റിയ പണിയെന്താണ്? അതും രാഹുല്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ നല്ലത് കോളേജ് ആണ്.ചെത്തു സ്റ്റൈലില്‍ പൂവാല റോളില്‍ പഞ്ചാര മൂലകളിലേക്ക് ഇടിച്ചു കയറുക.

'എന്‍െറ ഖല്‍ബിലെ വെണ്ണിലാവു നീ' തുടങ്ങി സെന്‍റി വരുന്ന പാട്ടുകളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. പാട്ടില്‍ തുടങ്ങുക. എന്നിട്ടു പാട്ടിലായില്ലെങ്കില്‍ നോട്ടു പുസ്തകമോ ഓട്ടോഗ്രാഫോ പിടിച്ചു വാങ്ങുക. ' നീ എന്‍െറ കൈപ്പത്തിയാണ്. നീയില്ലാത്ത ജീവിതം വോട്ടില്ലാത്ത പൌരനെപ്പോലെയാണ്. ഒരു സഹോദരനായി കാണാന്‍ പ്രയാസമാണെങ്കില്‍ ഒരു സ്ഥാനാര്‍ഥി ആയെങ്കിലും കാണാന്‍ ശ്രമിക്കണം.ജയ് ഹിന്ദ്!'

ഏതു പെണ്‍കുട്ടിയും വീണു പോവും. ഇത് പെണ്‍കുട്ടികളെ കെണിക്കാനുള്ള വഴി. എറണാകുളത്തും കോഴിക്കോട്ടും മറ്റും ഇപ്പോള്‍ എല്ലാ പെണ്‍കുട്ടികളും കെ. എസ്. യു. ആണ്. ഹൈബി ഈഡന്‍െറ പേരില്‍ ഉദിഷ്ട കാര്യത്തിനു ഉപകാര സ്മരണ. വീഴ്ത്തപ്പെട്ട. ബ്രാക്കറ്റില്‍ എറണാകുളത്ത് എന്നു ചേര്‍ത്ത ശേഷം തുടരാം. ഹൈബിയച്ചനു പത്തു പൊന്‍ കുരിശുകള്‍.

ആണ്‍കുട്ടികളെ കുരുക്കാന്‍ ഇതു പോര. അവര്‍ ഉണ്ടാവുക കോളേജിലാവില്ല. വല്ല ബാറിലോ റസ്റ്ററന്‍റിലോ ആവും. അപ്പോള്‍ അതു തന്നെ വഴി. പോവുന്ന പോക്കില്‍ വഴിയില്‍ കാണുന്ന ഓരോ ഹോട്ടലും കാലിയാക്കുക. ഹോട്ടല്‍ കാലിയാക്കാനുള്ള വിദ്യ യൂത്ത് കോണ്‍ഗ്രസിനെപ്പോലെ അറിയുന്ന മറ്റു സംഘടനകളില്ല.
ആദ്യം കാണുന്ന ഹോട്ടലില്‍ ഇടിച്ചു കയറുക. എന്നിട്ടു മൂക്കു മുട്ടെ തിന്നുക. മുന്നില്‍ കണ്ട ആളുകളുടെ തോളില്‍ കയ്യിട്ട് ' അളിയാ ഒരു ചായ കൂടി പറയട്ടെ' എന്നൊക്കെ ചുമ്മാതങ്ങു കാച്ചുക.ആ സമയത്തു ചിക്കനും പൊറോട്ടയും അടിക്കുന്ന എല്ലാവന്‍റേയും ബില്ല് തന്‍െറ പേരില്‍ എഴുതാന്‍ പറയുക. എന്നിട്ട് പോവാന്‍ നേരം കാശ് എ. ഐ. സി. സി യില്‍ നിന്ന് മണി ഓര്‍ഡറായി വരുമെന്ന് പറയുക. വിശ്വാസം വരുന്നില്ലെങ്കില്‍ ഒരു ഉറപ്പിനായി ഒപ്പം നിര്‍ത്തി ഫോട്ടൊ എടുക്കാന്‍ അനുവാദം നല്‍കുക. അതു കൊണ്ടും വിശ്വാസം വന്നില്ലെങ്കില്‍ കാപ്പി നന്നായി എന്ന് ഒരു കടലാസില്‍ എഴുതിക്കൊടുക്കുക.
നമ്മുടെ ഇന്ദ്രന്‍സ് ചോദിക്കുന്ന പോലെ. എങ്ങനെയുണ്ടെന്‍െറ ബുദ്ധി.
ഈ വിദ്യ തുടരെ ത്തുടരെ കാണിക്കാന്‍ പറ്റുമോ എന്നു സംശയിക്കുന്നവരുണ്ട്. ഒരിടത്തു നിന്ന് പൊറോട്ടയും ചിക്കനും നാലഞ്ചു കാപ്പിയും ഒന്നിച്ച് അകത്താക്കിയാല്‍ പിന്നെ മൂന്നോ നാലോ മണിക്കൂര്‍ കഴിയാതെ അതേ വിദ്യ പയറ്റാനാവില്ല. പക്ഷേ, രാഹുലിന് അങ്ങനെ കാത്തു കെട്ടിക്കിടക്കാന്‍ സമയമില്ല.

ഇവിടാണ് നാം വൈദ്യ ശാസ്ത്രത്തിന്‍െറ സാധ്യത പ്രയോജനപ്പെടുത്തേണ്ടത്. ജഠരാഗ്നി ജ്വലിപ്പിക്കാനുള്ള ദഹനൌഷധങ്ങളെപ്പറ്റിയാണ് ചിന്തയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഏതു മരുന്ന് മണപ്പിച്ചാലും കഴിച്ച ഭക്ഷണം ദഹിക്കണമെങ്കില്‍ മണിക്കൂറുകള്‍ കഴിയണം. സ്മാളിനേക്കാളും വലുതല്ലല്ലൊ മറ്റു മരുന്നുകളൊന്നും.
ഇവിടെ പയറ്റുന്നത് നാടന്‍ പ്രയോഗമാണ്. പാലാഴിയിലെ ഗുംട്ടിയില്‍ നിന്ന് മൂക്കോളം വെട്ടി വിഴുങ്ങിയത് പാരഗണിലെത്തുമ്പോഴേക്ക് കാലിയാവണം.അതിനുള്ള വിദ്യയാണ് വേണ്ടത്. കഷ്ടിച്ച് അര മണിക്കൂര്‍ ഗ്യാപ്പേ കാണൂ.നമ്മളൊന്നും എത്ര തല പുകഞ്ഞ് ആലോചിച്ചാലും വതിനുള്ള വഴി എളുപ്പത്തില്‍ കണ്ടു പിടിക്കാനാവില്ല.

പ്രത്യുത്പ്പന്ന മതിത്വം എന്ന് പറയുന്ന ഒരു സിദ്ധിയുണ്ട്. മഹാന്മാര്‍ക്ക് ജന്മനാ കിട്ടുന്നതാണ്. അത് രാഹുലിന് വേണ്ടുവോളമുണ്ട്. പാലാഴിയിലെ പൊറോട്ടക്കും പാരഗണിലെ മീനടക്കും ഇടയില്‍ രാഹുല്‍ അരമണിക്കൂര്‍ ചെലവഴിച്ചത് എവിടെയാണ്? വെസ്റ്റ് ഹില്ലിലെ ഗവര്‍മ്മെന്‍റ് ഗസ്റ്റ് ഹൌസില്‍.
താജ് റെസിഡന്‍സി പോലുള്ള പഞ്ചനക്ഷത്ര സൌകര്യം വേണ്ടെന്നു വച്ച് കുറുക്കന്‍ കുന്നിലെ ഗസ്റ്റ് ഹൌസ് തിരഞ്ഞെടുത്തത് എന്തിനാ? ചെലവു ചുരുക്കാന്‍ എന്നു പറയാന്‍ വരട്ടെ. ആഞ്ഞു പിടിച്ചൊന്ന് ഛര്‍ദിക്കാന്‍. അവിടത്തെ ടോയ്ലറ്റ് ആവുമ്പോള്‍ രണ്ടു വഴിക്കും വിരേചനം സാധിക്കും.ഒരു മരുന്നും മണപ്പിക്കാതെ തന്നെ.
ആ വിദ്യ ഫലിച്ചാല്‍, പിന്നെ പാരഗണിലെ മീനടയും തിന്നാം സാഗറിലെ നിര്‍ത്തിപ്പൊരിച്ചതും തിന്നാം. അതും കഴിഞ്ഞ് എത്ര ഹോട്ടലുണ്ട്. ബോംബെ റസ്റ്റാറന്‍റിലെ പിടിക്കോഴി. ബീച്ച് റസ്റ്റാറന്‍റിലെ മുട്ടമാല. കുറ്റിച്ചിറ, ഇടിയങ്ങര, മുഖദാര്‍ വഴി വച്ചു പിടിച്ചാല്‍ തെരണ്ടി മുതല്‍ തിമിംഗലം വരെ ഒരു പാടു ജന്തുക്കളെ തിന്നാന്‍ കിട്ടും. ഇടക്കൊന്ന് ടോയ്ലറ്റില്‍ പോവണമെന്നേയുള്ളൂ.
രാഹുലിന്‍െറ അച്ഛന്‍ രാജീവിനു പോലും ഈ മാതിരി ബുദ്ധി തോന്നിയിട്ടില്ല. മൂപ്പരുടെ ലൈന്‍ വേറൊന്നായിരുന്നു. കണ്ട കോജേജിലും ഹോട്ടലിലും കയറി നിരങ്ങാതെ ഒറ്റയടിക്ക് ഹോള്‍സെയില്‍ പരിപാടി. മുസ്ലീം വനിതാ ജീവനാംശ ബില്ലിലൂടെ മുസ്ലീം വോട്ട്. രാമജന്മഭൂമിയിലൂടെ ഹിന്ദു വോട്ടും .
പക്ഷേ, ജനങ്ങളുമായി ഇന്‍റിമസി സ്ഥാപിക്കാന്‍ അതിനു കഴിയില്ല.

പെണ്‍കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കുന്ന പോലെയോ യുവാക്കള്‍ക്ക് ഒഴിച്ചു കൊടുക്കുന്ന പോലെയോ . ബ്രാക്കറ്റില്‍ ചായയാണ് മറ്റൊന്നുമല്ല. ഒരു ആത്മ ബന്ധം പാര്‍ലമെന്‍റിലിരുന്ന് ഒരു നിയമം പാസാക്കിയില്‍ കിട്ടില്ല. അപ്പോള്‍ ഇനി മുതല്‍ ഒരാളും നക്സലേറ്റ് ആവില്ല. ഒരാള്‍ ചിക്കനും പൊറോട്ടയും വാങ്ങിത്തരാനുണ്ടെങ്കില്‍ നമ്മളെന്തിന് നക്സലേറ്റ് ആവണം.
ഇനി ഈ എപ്പിസോഡില്‍ ചെറിയൊരു ചെയ്ഞ്ചുണ്ട്. ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത്?

ദുര്‍വാസീന്‍െറ ദുനിയാവ് എന്ന ഈ ചെയഞ്ചിലേക്ക് എല്ലാ മന്സന്‍മ്ാക്കും സോഗതം.പ്രേക്ഷകര്‍ക്ക് സ്വാഗതം എന്നൊക്കെയാണ് പറയേണ്ടത്. സംഭവം വേറൊരു യുവാവിന്‍െറ തിരോധാനമാണ്. തിരോധാനം നോക്കാനായിട്ട് ഈ ചാനലില്‍ തന്നെ മറ്റൊരു പ്രേഗ്രാം ഉണ്ടെന്നത് നേര്.

പക്ഷേങ്കില് , കണ്ണ്ച്ചോരല്ലാത്ത മന്സമ്മാര്ടെ എണ്ണം കൂട്യേനക്കൊണ്ട് പറയാണ്. മ്മളൊക്കെ മന്സമ്മാരല്ലേ? ഞമ്മളാണെങ്കില് ങ്ങനെ ചെയ്യോ?കുടീന്ന് എറങ്ങിപ്പോയ കുട്ടി തിരിച്ച് വരുമ്പം ഞമ്മളൊക്കെ വാതില് അടക്ക്േ ചെയ്യ?
സെരിക്കും ഈ പരിപാടിക്ക് ഇടേണ്ട്യേ പേര് പര്‍വാസി ലോകംന്നാണ്. പക്ഷേ, ഇബടെപ്പം പര്‍വാസീന്‍െറ കാര്യല്ല , ദുര്‍വാസീന്‍െറ കാര്യാണ് പറയ്ണഅ്. ദുര്‍വാസീന്‍െറ ദുനിയാവ്ന്നാവുമ്പോ ഒരു ചെതംണ്ടല്ലൊ.മാത്രല്ല ഇതീ പ്പറയ്ണതൊക്കെ ദു ചേര്‍ത്ത കാര്യങ്ങളൂ ആണ്. ദുര്‍മ്മുഖം. ദുഷിപ്പ്.ദുര്‍ന്നടപ്പ്.എല്ലാം കഴിഞ്ഞ് ഇപ്പം ദു:ഖത്തിലാണ് ദു ആ എരക്കലാണ്.
ഇനി ഞ മ്മക്ക് കാര്യത്തില്ക്ക് കടക്ക അ. സാധാരണ ഞമ്മളെ ഈ പരിപാടീല്ക്ക് ആള്‍ക്കാര് പരാതിം ആയി ബരലാണ് പതിവ്. ഒന്നൂങ്ക്ല് കാണാതെ പോയോന്‍െറ ബാപ്പ . അല്ലെങ്കില് ഓന്‍െറ ഇമ്മ. അതൂം അല്ലെങ്കില് ഓന്‍െറ പെങ്ങളോ പെണ്ണ്ങ്ങളോ മറ്റോ.
ഓല് വന്ന് ഓലെ സങ്കടം മുയ്മനും പറയും.അതിന്‍െറ എടക്ക് ഓല് കരയും.ചാനല് ല് ബന്ന് ഇമ്മേം പെങ്ങളും കരഞ്ഞാല് ഏത് ഇര്മ്പ്ന്‍െറ മന്സനും അലിഞ്ഞു പോവും.ഒരു വിധം ആവത്ണ്ടെങ്ക് ദുബായ്ലല്ല ആഹറത്തിലെത്ത്യോനും അട്ത്ത ഫ്ളൈറ്റിന് മടങ്ങിവരും.ഞമ്മളെ ഈ പരിപാടീന്‍െറ വിജയോം അതാണ്.

ഒറ്റ മിനുട്ട്! ഓന്‍െറ ഇപ്പഴത്തെ മൊഖം ഞമ്മക്ക് അയച്ച് കിട്ട്യേത് ഒന്ന് കാണിക്കട്ടെ. ഓന് വേണ്ടപ്പെട്ടവരാരെങ്കിലും ഈ പരിപാടി കാണുന്നുണ്ടെങ്കില്‍ ഇപ്പം തന്നെ ങ്ങള് വിളിക്കി.
ഓനിക്ക് അച്ചന്‍ ണ്ട്. പെങ്ങളൂംണ്ട്.അച്ചന്‍ കരഞ്ഞാ കണ്ണീന്ന് വെള്ളല്ല, ചോര്ഏ ബര് ആ .മൂപ്പരെ ഇവടെ കൊട്ന്ന് കരയിപ്പിക്ക്ത് സെര്യല്ല.പിന്നെ പെങ്ങളാണ്.ചിരിക്കണ കാര്യത്തിലാണ് മൂപ്പത്തി ജോറ്.ആങ്ങള്‍നെ വീട്ടില്‍ കയറ്റ്യാലാണ് കണ്ണീന്ന് വെള്ളം വര് ആ.അങ്ങനെത്തതാണ് പെങ്ങള്.
അതാണ് ഞാന്‍ പറഞ്ഞത്.ഇതിപ്പം പരാതിക്കാരനില്ല.ഞമ്മക്കന്നെ സ്വന്തം തോന്നീട്ട് പറയാണ്.ഇന്ക്ക് പറയാന്ള്ളത് ഓന്‍െറ വീട്ട്കാരോടല്ല.ഇപ്പം ഈ പരിപാടി കാണ്ണ ങ്ങളോടന്ന്യാണ്.
ഞാന്‍ ചോയ്ക്കട്ടെ, ഞമ്മളണാങ്കി ങ്ങനെ ചെയ്യോ?കുട്ട്യളാവുമ്പം ചെലപ്പോ സ്വന്തം പൊരേന്ന് തെറ്റിപ്പോയീന്നൊക്കെ ബരും.വേറെ കുറ്റിപ്പൊര വെച്ച് കെട്ടീന്നും ബരും.പക്ഷേ, ആ ബാസ്യൊക്കെ മറന്ന് ഓന്‍ മടങ്ങി വരുമ്പം വാതില് തൊറന്ന് കൊടുക്കാഞ്ഞാല്‍ പടച്ചോന്‍ പോലും പൊറുക്കൂല.
ഇനിപ്പം വേറൊരു ചിത്രം കാണിക്കാ.കുട്ട്യാവുമ്പം ള്ള ഓന്‍െറ ഫോട്ടൊ. അല്ല വരപ്പിച്ചതാ.ഇത് പ്പം ഈ പരിപാടീല് കാണിക്കണത് മറ്റേ പഹയമ്മാട്ടെ കണ്ണ് നെറയോന്ന് നോക്കാനാണ്.എന്ത് നല്ല കിങ്ങിണിക്കുട്ടന്‍. കണ്ട്ലേ വട്ട് കളിച്ച് നടക്ക്ണത്.ഇത് കാണുമ്പം തെന്നെങ്കിലും ഓല്ടെ കണ്ണില് വെള്ളം നെറഞ്ഞാല്‍ നന്നായി.ഈ കുട്ടിനെ ആണല്ലൊ ഓല് വീട്ടില് കേറ്റാത്തത്.
ഇനിക്ക് ഇനി പറയാന്ള്ളത് ആ ദുര്‍വാസീന്‍െറ വീട്ടില് ബേണ്ടാണ്ട് വാശീം പിടിച്ച് ഇര്ക്ക്ണോരോടാണ്.മദാമ്മന്‍െറ ഭവന്‍ ആയാലും കൊയപ്പല്ല മദാമ്മന്‍െറ അമ്മായ്യമ്മന്‍െറ ഭവനായാലും കൊയപ്പല്ല. ങ്ങളെ വീട്ടില് ടീവിണ്ട്ന്ന് ഇന്ക്കറിയാം. ങ്ങക്ക് ടി. വി. മാത്രല്ല സ്വന്തം ചാനലൂംണ്ട്.ഇപ്പം ഇനിക്ക് പറയാന്‍ള്ളത് ങ്ങളത് ഓഫാക്കണം.ഇത് നോക്കി. ഈ സ്ക്രീനിലേക്ക് തന്നെ നോക്കി.
ഒറ്റ മിനിട്ട് . ഒരു ബ്രേക്ക്ണ്ട്. ഇബടെ ത്തെന്നെ നിക്കി ട്ടൊ.
അപ്പം ഞമ്മള് എവടേ നിര്‍ത്ത്യേത്?ആ ബ്രേക്കില്. ഒരു ബ്രേക്ക് നല്ലതാണ്. ഓന് പറ്റിപ്പോയത് അതാണ്. ബെല്ലും ബ്രക്കൂല്ലാത്ത പോക്ക്.പൊരേലെ തന്നെ കാരണോരെ കൊണ്ടോട്ടി അങ്ങാടീല്‍വെച്ച് മുക്കാലീ കെട്ടി തച്ച്ലേ?

അന്ന് ആരോ എടുത്ത ് വെച്ച ഫോട്ടം ണ്ട് കണ്ടോളി.ദാ ദ് നോക്കീ. സ്വന്തം വീട്ടിലെ കുട്ട്യല്ലേ ന്ന് വിചാരിച്ച് മൂപ്പര് വത് പൊറുത്തു.അച്ചന്‍ പാത്താന്‍ പോയ നേരം നോക്കി ഓനെ പിടിച്ച് സുജായി ആക്കി. എന്നിട്ടും ഓന്‍ വമ്പത്തരം നിര്‍ത്തീല. കുറ്റിം പറച്ച് ഒറ്റപ്പോക്കല്ലേ?
കേന്ദ്രത്തില്ക്ക് വിസ കിട്ടുംന്നാണ് ഓന്‍ വിചാരിച്ചത്. സ്വന്തം കുടീല് കിട്ടാത്ത വിസ വേറെ എവുട്ന്ന് കിട്ടാനാ?ധാരാവിലോ മുംബീലോ മറ്റോ ള്ളെ ഒരു പവാറാണ് ഓനെ പറ്റ്ച്ചത്.വിസ കിട്ട്യേതൂല്ല. പൊരേം കുടീം ണ്ടായീന്നത് പോവും ചെയ്തു.കൊറേക്കാലം മുംബീല് ണ്ടായ്ന്ന്. പിന്നെ ഡല്‍ഹീലും ചെലെ വീട്ടിന്‍െറ ഗെയ്റ്റില് കണ്ടിട്ട്ണ്ട്. ഡല്‍ഹീലെ വീട്ടുകാരൊന്നും ഇവിടത്തെ പ്പോലെ അല്ല. ചെലേന് ഇംഗ്ളീഷും ഹിന്ദീം മലയാളും ചേര്‍ന്ന പേര്.ടെന്‍ ജന്‍ പത്ത് പോലെ. വേറെ ചെലത് ട്വന്‍റി ഫോര്‍ അശോകാ റോഡ് . ഒക്കെ വല്യ വല്യ പേരാണ്.ഒരു ഗേറ്റും തൊറന്ന് കൊട്ത്തീല.
പിന്നെ ഏറ്റവും ഒടൂല് കണ്ടത് ഇതാ ഇങ്ങന്യാണ്.ഇപ്പം എല്ലാരും ഒന്ന് സ്ക്രീനിലേക്ക് നോക്കണേ.കോഴിക്കോട്ടെ ഒരു ഡി. എം. കെ യോഗത്തില് തൂണും ചാരി നിക്ക്ണ ഫോട്ടൊ. ഇനിക്ക് കോഴിക്കോട്ടെ പ്രേക്ഷകരോട് നാലു വര്‍ത്താനം പറയാന്‍ ണ്ട്.ങ്ങള് കണ്ടീലെ ഇത്.എങ്ങനെ കഴിഞ്ഞ മന്സനാ.കുട്ടിന്‍െറ മുടി കളച്ച്ലിന് മൂത്താപ്പ ഹെലികോപ്റ്ററില് വന്നതൊന്നും ങ്ങള് മറക്കര്ത്.മൂപ്പര് അന്ന് മുഖ്യനാണ്.ആ മുഖ്യന്‍െറ മോനാ ഇത്.
ഇനി ഇനിക്ക് പറയാന്‍ള്ളത് ഈ പരിപാടി കാണ്ണ ഓന്‍െറ ചങ്ങായ്മാരോടാണ്.ഈ പരിപാടി കഴിഞ്ഞാല്‍ അപ്പം തെന്നെ ങ്ങള് വിളിക്കീ.ഓന്‍ പ്പം എവ്ടേണെങ്കിലും കൊയപ്പല്ല.ഓന്‍െറ കാര്യം വേഗം ശെര്യാവും ന്ന് പറഞ്ഞോളണ്ടി.ഇതാ ഞാന്‍ പ്പം തന്നെ മറ്റോലെ വിളിക്ക്ണ്ണ്ട്.
ഞാന്‍ ഇപ്പം പറയ്ണത് മറ്റോരോടാണ്.പഴേതൊക്കെ ങ്ങള് മറക്കണം. കാട്ട്യേതും പറഞ്ഞതൂംക്കൊ ങ്ങള് പൊരുത്തപ്പെടണം. ബാസീം ബെറുപ്പം വെച്ച് ഇരിക്കണ്ട സമയല്ല ഇത്. കണ്ണൂരും എറണാകുത്തും ആലപ്പൊടേലും ഒക്കെ ങ്ങളെ മൊതലാണ് പോണത്.
ഓന്‍െറ മാപ്പ് എഴുതി വാങ്ങണം ന്നോ?ങ്ങളെ തള്ളിപ്പറഞ്ഞോന്‍ ങ്ങളെ അട്ത്ത്ക്ക് അന്നെ വന്ന്ലേ.അത് തന്നെല്ലേ വല്യ മാപ്പ്.ഓനാള് മാറീലേ? പൊരേന്‍െറ അവുത്ത് കേറ്റണ്ട, പൊറത്തെ ചായ്പ്ലെങ്കിലും പായ വിരിക്കാന്‍ സ്തെലം കൊട്ത്തൂടെ?
ഇനി ഇനിക്ക് പറയാന്‍ള്ളത് ഓനോടെന്ന്യാണ്.അന്‍െറ കൈമ്മ്ല് മൊബൈല് ണ്ടല്ലൊ.ഇജ്ജ് കയ്യ്ണേടത്തോളം എസ് എം എസ് അയക്ക്.അന്‍െറ ചങ്ങായ് മാരോടും പറയ്.ഇജ്ജ് ആ ബാസീം ബെറീം ഒക്കെ മറന്ന് അന്‍െറ കുടീക്ക് കൊറച്ച് എസ് എം എസ് അയക്ക്.
എന്തേയ് അന്‍െറ മോത്തൊരു വെളിച്ചക്കൊറവ്?ഈ ചാനലിന് പൈസ ണ്ടാക്കാനല്ല.അയിന് മ്മള് ബ്രേയ്ക്ക് പിടിക്കുമ്പം കൊടുത്ത പരസ്യം മതി.ഇതിപ്പം അനക്ക് ഗൊണം വരാനാണ്. കണ്ണീര് കണ്ട് മയങ്ങ്ണ ആള്‍ക്കാരല്ല അന്‍െറ കൂട്ടര്. അങ്ങനെ ആണെങ്കില് നേരത്തെ കാണിച്ച ജ്ജ് നൊളോച്ച്ണ ഫോട്ടൊ തന്നെ മത്യല്ലൊ.
പറ്റ് എങ്കി ങ്ങളെല്ലാരും ഓരോ എസ്. എം. എസ് അയക്കി.ഒരു മന്സന്‍ രക്ഷപ്പെട്ണ കാര്യാണ്.ഇനി അടുത്ത എപ്പിസോഡ്ല്.അയിപ്രായം വല്ലതൂം ണ്ടെങ്കി അത് മനസ്സില് വെച്ച് ആളണ്ടി.


Monday, March 23, 2009

പൊന്നാനീല് ബീവി


"അന്റെ ഇക്കായ്ക്കാണ് പറയ്ണത്. ഇജ്ജാ ഡോക്ട്രെ ചെന്ന് കാണ്. രണ്ടത്താണീല് ഒരു ഡോക്ട്ര്ണ്ട്. ഉസൈന്‍ ഡോക്ട്ര്. മൂപ്പര് ഇതിന്റെ സ്പെശലിസ്റ്റാണ്." "ഡോക്ട്രും വേണ്ട നേയ്സും വേണ്ട. അള്ള കൊടുക്കണംന്ന്ച്ചാല് എപ്പ വേണങ്ക്ല് കുട്ട്യള്ണ്ടാവും. ഞമ്മളെ കൊയപ്പം കൊണ്ടല്ല. പൊന്നാനീല് ബീവി മച്ച്യായ്ട്ടല്ലേ." " ഓള് മച്ച്യല്ലെന്നാണ് ഉസ്താദ്മാരൊക്കെ പറയ്ണത്. ഏപ്യുസ്താദും മദന്യുസ്താദും ഒക്കെ ആ ഡോക്ട്രെപ്പറ്റി നല്ല അയിപ്രായം പറഞ്ഞു. പിന്നെ, ഞമ്മളെ സേട്ട് സായ്വിന്റെ ആള്‍ക്കാര്‍ക്കും മൂപ്പരെ പെര്ത്ത് ഇഷ്റ്റാ. ഒന്നും കാങ്ങാണ്ടെ അന്റെ വല്യാക്ക ഇത് പറയൂലാന്ന് അനക്കറിഞ്ഞൂടെ." "ഡോക്ട്ര് വന്ന് വല്ലതും ചെയ്ത് കുട്ടിണ്ടായാല്‍ കുട്ടി ഞമ്മളതല്ലെന്നല്ലേ ആള്‍ക്കാര് പറയ്ആ". " ആള്‍ക്കാര് പലതും പറയും. ഓള്പ്പം പെറുംന്ന് എത്രകാലായി ഇജ്ജും ആള്‍ക്കാരും പറയുന്നു. എന്നിട്ട് പെറ്റോ?" "ഇത്തവണ ഓള് പെറും". "കഴിഞ്ഞ തവണേം ഇജ്ജ് അതല്ലേ പറണത്?". "മഞ്ചേരീല് ഹംസാക്കാന്റെ ബീവി പെറ്റത് ഡോക്ട്രെ കാട്ടീട്ടാണോ? മഞ്ചേരീലെ ബീവി പെറുംന്ന് ഞമ്മളാരെങ്കിലും ബിജാരിച്ചോ? ഒരു മുസ്ളീം പവറും വേണ്ട. ഡയാഗ്രയും വേണ്ട. അള്ളന്റെ ബേണ്ട്യ- അതു മാത്രം മതി." "ഇപ്പം അള്ളാക്കായി കുറ്റം. എട ബലാലേ. ഞമ്മളെ കാര്യം തന്നെ നോക്ക്. ആ കുറ്റിപ്പുറത്തെ ബീവി പെറ്റത് ഇജ്ജും കണ്ടതാണല്ലോ. ഞമ്മള് പടിച്ച പണീം അടവും ഒക്കെ നോക്കി, ഒടൂന് ആ ജലീല്‍ ഡോക്ട്രെ കാട്ടി. ഇക്കാലത്ത് അതൊന്നും ഒരു കൊയപ്പല്ല." "ന്നാലും" "ഒര് ന്നാലും ഇല്ല. എടാ കള്ള സുവറേ. ആ ഉസൈന്‍ ഡോക്ട്രെ കാണാന്‍ ഇജ്ജെന്നല്ലേ ആദ്യം പോയത്" " ആ ഡോക്ട്ര് അത്ര ശര്യല്ലക്കാ. മൂപ്പര് ചികിത്സിച്ചിറ്റ് ഇന്റെ പെണ്ണ്ങ്ങള് പെറണ്ട." "അത് ഇജ്ജ് മാത്രം തീരുമാനിച്ചാല്‍ പോരല്ലോ. ഓക്കൂണ്ടാവ്ല്ലേ ഒരു പൂതി. ഒന്നു പെറാന്‍. അനക്ക് കൂട്ട്യാ കൂടൂലെങ്കി ഇജ്ജ് ഓളെ ഒയ്വാക്കിക്കൊട്ക്ക്. ബേറെ നല്ല ആങ്കുട്ട്യേളെ കിട്ടും ഓള്‍ക്ക്. ഇജ്ജ് ഒയ്വാക്ക്യാല്‍ ആ ഡോക്ട്ര് തന്നെ കെട്ടിക്കോളാന്ന് പറഞ്ഞിറ്റുംണ്ട്. അപ്പോ പിന്നെ ചികിത്സ ഒന്നും വേണ്ടിവരില്ല." "അപ്പം ഇങ്ങളും ആ ഡോക്ട്രും കൂടിള്ള ഒത്തുകള്യാണ് അല്ലേ. ഇങ്ങളോട് പടച്ചോന്‍ പെറുക്കൂല്ല." "എടാ ഹംക്കെ. മലയാളം പറഞ്ഞാല്‍ അനക്ക് തിരിയൂലേ. ഇജ്ജ് ഓളെ തലാക്ക് ചൊല്ലീല്ലെങ്കി ഓളെന്നെ ഫസ്ഖ് ചൊല്ലും. ഒന്നുകി ഇജ്ജാ ഡോക്ട്രെ വര്ത്ത്. അല്ലെങ്കി ഓളെ ഒയ്വാക്ക്" "ഒയ്വാക്ക്യാല്‍ ഞമ്മളെ പെണ്ണ്ങ്ങളെ എണ്ണം കൊറയൂലേ. അത് പറ്റൂല്ല. പെണ്ണ്ങ്ങള് നാലെണ്ണം തന്നെ വേണം. മച്ച്യാണെങ്കിലും ഓള് മൊഞ്ചത്ത്യാ" "മൊഞ്ച്ള്ള പെണ്ണുങ്ങള് പെറാതെ നിക്ക്ണത് കൊയ്പ്പാണെടാ. അനക്ക്പ്പം എന്താ വേണ്ടത്. നാല് പെണ്ണു വേണം അത്രല്ലേള്ളു. പൊന്നാനീലെ ബീവ്യന്നെ വേണംന്നൊന്നൂല്ലല്ലോ. ഇജ്ജ് വയനാട്ന്ന് കേട്ട്ക്ക്ണോ? പനിക്കുമ്പം കട്ടില്. പൊതപ്പിന് കമ്പിളി. കുളിര്മ്പം കുടിക്കാന്‍ നെയ്യില് വറുത്ത കാപ്പി. അവടൊരു പെണ്ണ്ണ്ട്. കോയിക്കാട്ടെ ഒരു കൂട്ടര് നിക്കാഹ് ഒറപ്പിച്ചതേയ്നി. പക്കേങ്കില് ചെക്കന്റെ ആള്‍ക്കാര് എടങ്ങേറാക്കി. ഓള്‍ക്ക് മൊഞ്ച്ല്ല്യാന്ന്. കാട്ടിലെ കറുമ്പി ആദിവാസിയാണെന്ന്. ഓന് ഞമ്മളെ കോയിക്കോട്ടെ ബീവീനെ വേണംന്ന്. ഓന് ഞമ്മള് വെച്ച്ട്ടിണ്ട്." "ഞമ്മള് വയനാട്ടില്‍പോയാല്‍ ഓന്റെ ആള്‍ക്കാര് വന്ന് പിത്തന ഉണ്ടാക്കൂലേ." "അത് അവുട്ത്തെ കാര്യം. ഇജ്ജ്പ്പം ഇവുട്ന്ന് ഒയിവാക്കീല്ലെങ്കി പിത്തന ഇണ്ടാക്ക്ണത് ഞമ്മളേയ്ക്കാരം. ഇജ്ജ് സമ്മതിച്ചാലും ഇല്ലെങ്കിലും ആ ഡോക്ട്ര് ചികിത്സിക്കാന്‍ തയ്യാറാണ്. ചികിത്സേമ്മ്ല് മൂപ്പര്ക്കും ഹരം കേറീക്ക്ണ്. ഒരു കാര്യം കൂടി കേട്ടൊ. അന്റെ ബീവിക്കും മൂപ്പരെ ഇസ്റ്റാണ്. ഇജ്ജ് നോയ്ക്കോ. ഇക്കാലം മുയ്മന്‍ അന്റെ കൂടെ കയിഞ്ഞിട്ടും പെറാത്ത പെണ്ണിനെ ആ ഡോക്ട്ര് പത്ത് മാസം വേണ്ട, അയിന്റീം മുപ്പട്ട് പെറീക്കും." "അതെങ്ങനെ ഇക്കാക്ക" "ഇജ്ജ് ഇന്നെക്കൊണ്ടൊന്നും പറീക്കണ്ടെ ഹംക്കേ. ഓളൊന്നു പെറണംന്ന് വിജാരിക്കാത്ത ആര്ണ്ട് ഇന്നാട്ടില്. ഞമ്മക്കൂംണ്ടെടാ ആ പൂതി. ആ ഡോക്ട്രെ ചടങ്ങ് നിക്കല് കയിഞ്ഞാല്‍ ഓള് പിന്നെ ഞമ്മളെ കെട്ട്യോളാണ്‍ഡാ. ഓള് മച്ച്യല്ലാന്ന് ഞമ്മള് തെളിയിക്കും. അതിന് ഡോക്ട്രെങ്കി ഡോക്ട്ര്. മോല്യാരെങ്കി മോല്യാര്. ഓള് പെറ്റാല്‍ പൊന്നാനീല് നേര്‍ച്ച നടത്തും ഞമ്മള്." "ഈ ഇക്കാന്റ്യൊരു ബുദ്ദി. വയനാട്ടിലെ ബീവി പെറ്റില്ലെങ്കില്‍ ഡോക്ട്രേം കൊണ്ട് അവിടേം വര്വോ ഇക്ക. ഓളേം ഞമ്മള് മൊയി ചൊല്ലണ്ട്യരോ."

വാലറ്റം: പൊന്നാനി വിട്ടുകൊടുത്തപോലെ ഇനി വയനാട് വിട്ടുകൊടുക്കില്ല്യ. സി.പി. ഐ കമന്റ്: നല്ല കുറേ പര്‍ദ്ദ കൂടി വാങ്ങാന്‍ നോക്ക്.

Tuesday, September 30, 2008

സെസ് വേണോ വിപ്ളവം വേണോ


എല്ലാ കാര്യത്തിലും വിപ്ളവം വേണം എന്ന് ശഠിക്കരുത്. അതെല്ലാം അവനവന്റെ സൌകര്യം പോലെയാണ്. പിന്നെ, സാഹചര്യങ്ങളനുസരിച്ചും. വിപ്ളവത്തിന് വേണ്ടിയാവരുത് വിപ്ളവം. അത് ലോകം നന്നാക്കാനുള്ള ഒറ്റമൂലിയാണ്. വിപ്ളവം ഇല്ലാതെ തന്നെ ലോകം നന്നാവുകയാണെങ്കിലോ? എങ്കില്‍ അതല്ലേ നല്ലത്. വിപ്ളവം അല്പം കുറഞ്ഞാലും കുഴപ്പമില്ലെന്ന് പിണറായി വിജയനെപ്പോലെ പരിണിത പ്രത്യയശാസ്ത്രജ്ഞനായ ഒരു വിപ്ളവകാരി വെറുതെ പറയുമോ? അപ്പോള്‍ വിപ്ളവത്തേക്കാള്‍ വില കൂടിയ ചില ചരക്കുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് സെസ്. സെസ് വേണോ വിപ്ളവം വേണോ എന്ന് ചോദിച്ചാല്‍ സെസ് മതി എന്നാണ് പറയേണ്ടത്. സെസ് വരുന്നത് എന്തിനാണ്? ലോകാസമസ്താ സുഖിനോ ഭവന്തു: അതെ, അതിനുതന്നെ. സമസ്ത ലോകത്തിനും സുഖം നല്‍കാന്‍. പ്രജാക്ഷേമതല്പരനായ മാവേലിയാണ് സെസ്. 21 മാവേലിമാരാണ് കേരളത്തിലേക്ക് കാലെടുത്തുകുത്താന്‍ വരിവരിയായി ക്യൂ നില്‍ക്കുന്നത്. പത്തെണ്ണമെങ്കിലും നടപ്പാക്കണം. 60,000 കോടി രൂപയാണ് ഒഴുകിയെത്തുന്നത്. പിന്നെ നാസിക്കിലെ സെക്യൂരിറ്റി പ്രസ്സോ കൊണ്ടോട്ടിയിലെ കുഴല്‍പ്പണമോ ഒന്നും വേണ്ട. സെസ് നോക്കിക്കോളും ബാക്കി കാര്യം. ഈ മാസം മുപ്പതിനുള്ളില്‍ സെസ്സിന്റെ അപേക്ഷകള്‍ ഡല്‍ഹിയിലെത്തിച്ചാല്‍ ആണവകരാറിന്റെ കൂട്ടത്തില്‍ അതുംകൂടി ഒപ്പിട്ട് നല്‍കാമെന്ന് മന്‍മോഹന്‍ ബുഷ് സമ്മതിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല സി.പി. ഐക്കാര്‍. അവരും വിപ്ളവം ഉണ്ടാക്കാനായി സംഭവാമിയായവരാണല്ലൊ. സെസ്സെന്ന് കേള്‍ക്കാന്‍ തുടങ്ങിയ ദിവസംതൊട്ട് ചര്‍ച്ച തുടങ്ങിയതാണ്. എക്സിക്യുട്ടീവില്‍. സംസ്ഥാന കമ്മിറ്റിയില്‍. എ.കെ.ജി സെന്ററില്‍ ഒറ്റക്കും കൂട്ടായും. സി.പി. എമ്മിന്റെ പി.ബി പോലും ഒന്നര മിനിറ്റുകൊണ്ട് സെസ്സിന്റെ കാര്യം പാസാക്കിയതാണ്. എന്നിട്ടും കേരളത്തിലെ സി.പി. ഐക്ക് നേരം പുലരുന്നില്ല. വിപ്ളവം മതി, സെസ് വേണ്ട എന്ന് അവരങ്ങ് തീരുമാനിക്കുന്നു. എന്നാല്‍ അത് എല്‍.ഡി. എഫ് മീറ്റിംഗില്‍ പറഞ്ഞുകൂടേ? അവിടെയിരിക്കുമ്പോള്‍ പച്ചക്കൊടി. മന്ത്രിസഭയില്‍ ചെന്നാല്‍ ചെങ്കൊടി. ഇതെന്തു നയം? ഇതെന്ത് ന്യായം? ഏത് തോമസ് ഐസക്കും ചോദിച്ചുപോവും "നിങ്ങടെ പാര്‍ട്ടിക്ക് ഒരു നയമുണ്ടോ"? ഇത് കേട്ടാല്‍ ഏത് ദിവാകരനും ചൂടായിപ്പോവുകയും ചെയ്യും. "പോളണ്ടിനെപ്പറ്റി മാത്രം ഒരക്ഷരം ഇനി പറഞ്ഞുപോവരുത്" എന്ന് ചൂടാവുന്ന ശ്രീനിവാസന്റെ റോള്‍ എടുത്തുപോവും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമുക്കൊക്കെ അറിയാം. സി.പി. ഐക്ക് ശക്തവും വ്യക്തവുമായ നയമുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി. എം അല്ലെന്നും സി.പി. ഐ മാത്രമേ അസ്സല്‍ വിപ്ളവം ലക്ഷ്യം വയ്ക്കുന്നുള്ളൂ എന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. അതാണ് സി.പി. ഐയുടെ നയം. ഈ നയം നടപ്പിലാവണമെങ്കില്‍ സി.പി. എമ്മിന്റേത് പ്രതിവിപ്ളവമോ വിപ്ളവ വായാടിത്തമോ ആണെന്ന് വരുത്തണം. അങ്ങനെ വരുത്തുന്ന നടപടിയെ പ്രതികാര വിപ്ളവം എന്നും പറയാം. അതെന്തായാലും വിപ്ളവത്തിന്റെ പക്ഷത്താണ് സി.പി. ഐ. സെസ്സിന്റെ പേരില്‍ വിപ്ളവത്തെ ബലി കൊടുക്കാനോ വിപ്ളവത്തിന്റെ ഡോസ് കുറയ്ക്കാനോ പാര്‍ട്ടി തയ്യാറല്ല. സെസ്സിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് സാന്റിയാഗോ മാര്‍ക്സ് ആയാലും ഫാരിസ് അബൂഗല്‍സ് ആയാലും സേവി മനോവ്സ്കിയായാലും എടുപിടീന്ന് ഒപ്പിട്ട് നല്‍കാന്‍ സി.പി. ഐ തയ്യാറല്ല. സെസ് വന്നാല്‍ വിപ്ളവത്തിന് സ്കോപ്പുണ്ടാവണം. തൊഴില്‍ നിയമങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് വര്‍ഗസമരം അസാധ്യമായേക്കും. എന്നാലും ചില പഴുതുകളുണ്ട്. ഇവിടാണ് നമ്മള്‍ വലിയേട്ടനെ കണ്ട് പഠിക്കേണ്ടത്. ഒന്നും നോക്കാതെ സെസ്സങ്ങ് അനുവദിക്കുക. അംബാനിയോ ഫാരിസോ ഭൂസ്വാമിയോ ആര് വേണമെങ്കിലും സെസ്സില്‍ പണി തുടങ്ങട്ടെ. ചുവന്ന കൊടിക്കാണോ ക്ഷാമം. സിംഗൂര്‍ ഉണ്ടല്ലോ മോഡലായിട്ട്. മുതലാളിത്തത്തിലൂടെ സോഷ്യലിസം നടപ്പാക്കാമെന്ന് കണ്ടുപിടിച്ച ജ്യോതിബസുവിന്റെ ബംഗാളിലെ സെസ്സില്‍ നിന്ന് കുറ്റി പറിച്ച് ഓടാനിരിക്കുകയാണ് സാക്ഷാല്‍ ടാറ്റ. വിപ്ളവം നടപ്പാക്കുന്നത് മമതാ ബാനര്‍ജിയാണെന്ന് മാത്രം. ആരായാലെന്ത്? വിപ്ളവം നടന്നാല്‍ പോരേ?
വാലറ്റം: സെസ് അനുവദിക്കാന്‍ കേരളത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണം. വെളിയം ഭാര്‍ഗവന്‍
കമന്റ്: ഇല്ലെങ്കില്‍ 10 സെസ്സില്‍ മൂന്നെണ്ണമെങ്കിലും സി.പി. ഐക്ക് അനുവദിക്കണം.

Monday, September 22, 2008

ഓവിന്റകത്തെ മില്ലത്ത്


അങ്ങനെ അഹമ്മദ് സായ്വ് ലീഗിന്റെ അഖിലേന്ത്യാ മില്ലത്തായി. ആര്‍. എസ്. പിയുടെ ചന്ദ്രചൂഢനും സി.പി. എമ്മിന്റെ പ്രകാശ്കാരാട്ടും കഴിഞ്ഞാല്‍ അഖിലേന്ത്യാ തലത്തില്‍ കേരളത്തില്‍ നിന്ന് ഒരാള്‍കൂടി.പക്ഷേ, ലീഗിന്റെ കാര്യത്തില്‍ ചില വ്യത്യാസമൊക്കെയുണ്ട്. അഖിലേന്ത്യനായാലും അന്താരാഷ്ട്രനായാലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് സംസ്ഥാനതലത്തില്‍പ്പോലുമല്ല. മലപ്പുറം ജില്ലാ തലത്തിലാണ്.അതുകൊണ്ടാണ്് അഖിലേന്ത്യാ പ്രസിഡന്റായ അഹമ്മദ് സായ്വാണോ സംസ്ഥാന പ്രസിഡന്റായ ശിഹാബ് തങ്ങളാണോ ഇമ്മിണി ബല്യ ഒന്ന് എന്ന ചോദ്യമുയരുന്നത്.നമുക്കൊക്കെ അറിയാം.ബല്യ ഒന്ന് ശിഹാബ് തങ്ങളാണ്.അഹമ്മദ് സായ്വിനും അതറിയാം. ദേശീയ പ്രസിഡന്റിന്റെ തൊപ്പിയണിയുമ്പോഴും പാണക്കാട് തങ്ങളാണ് തന്റെ നേതാവെന്ന് സായ്വ് തുറന്നു പറയുന്നത് അതുകൊണ്ടാണ്.എന്നാല്‍ അതുകൊണ്ടും വലിയ പ്രയോജനമൊന്നുമില്ല. തങ്ങളാണ് നേതാവെന്ന് പറഞ്ഞുനടന്ന കാലത്തുതന്നെയാണ് 1991ല്‍ നാടുകടത്തപ്പെട്ടത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനും ഉപമുഖ്യമന്ത്രിയുമൊക്കെയായി മുസ്ളീംലീഗിന്റെ സോള്‍ പ്രൊപ്രൈറ്റര്‍ ആവാനിരുന്ന സമയത്താണ് സംസ്ഥാന ലീഗില്‍ വേറൊരു കുട്ടി ലീഡര്‍ ഉണ്ടായതും സായ്വിനെ കോണിയുടെ ചില പടവുകള്‍ കൂടി കയറ്റി ഡല്‍ഹിക്ക് അയച്ചതും.ജീവനാംശബില്ലും മറ്റുമായി ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്ററി പെര്‍ഫോമന്‍സ് നടത്തിയ ബനാത്ത്വാലയ്ക്ക് ടിക്കറ്റ് നിഷേധിച്ചാണ് ഈ കൊടുംകൃത്യം ചെയ്തത്. അന്ന് ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു ബനാത്ത്വാല.അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പായപ്പോഴേക്കും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിനും ടിക്കറ്റില്ലാതായി. മെഹബൂബെ മില്ലത്ത് എന്ന് സ്നേഹപ്പേരിട്ട് കുട്ടിസായ്പന്മാര്‍ വിളിച്ചുപോന്നിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് വേറെന്തോ മില്ലത്തായി.ലീഗിന്റെ കോണി അങ്ങനെയാണ്.ഓരോ പടിയും ചവിട്ടിക്കയറി മുകളിലോട്ട് പോവുന്തോറും താഴത്തെ പടികള്‍ ഇളക്കിക്കളഞ്ഞിട്ടുണ്ടാവും. പിന്നെ, തിരിച്ചിറങ്ങാന്‍ പറ്റില്ല. ഒറ്റ വീഴ്ചയാണ്. പാമ്പിന്റെ വായിലകപ്പെട്ട് ഐ. എന്‍. എല്‍. ഉണ്ടാക്കുകയോ വരാത്ത വാലയാകുകയോ ആവാം. മൂത്ത ലീഗില്‍ മാത്രമല്ല യൂത്ത്ലീഗിലും ഇതുതന്നെയാണ് ഗതി. യൂത്ത്ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് കെ.ടി.ജലീലിനെ അഖിലേന്ത്യാ കണ്‍വീനറാക്കി നാടുകടത്തിയത്. തനിക്ക് സംസ്ഥാന പ്രസിഡന്റ് ആയാല്‍ മതിയെന്ന് ജലീല്‍ ആവുന്നതും പറഞ്ഞുനോക്കി.പിന്നെ നമ്മള്‍ കാണുന്നത് ആ ജലീല്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിച്ചൂലാവുന്നതും കുഞ്ഞാപ്പയുടെ വ്യവസായം ലോക്ക് ഔട്ട് ചെയ്യുന്നതുമാണ്.മൂത്ത ലീഗില്‍ ഇനി എന്താണ് സംഭവിക്കുകയെന്നേ നോക്കാനുള്ളൂ. കയറാനുള്ള പടിയൊക്കെ സായ്വ് കയറിക്കഴിഞ്ഞു. എം. എസ്. എഫിന്റെ സ്ഥാപക പ്രസിഡന്റായിട്ടാണ് തുടക്കം. ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍..... അങ്ങനെ കുഞ്ഞാലിക്കുട്ടിയിരുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വരെയെത്തി. തങ്ങളെക്കൊണ്ട് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുപ്പിക്കുന്ന പദവിയാണത്.അഖിലേന്ത്യാ തലത്തിലാണെങ്കില്‍ ജോയിന്റ് സെക്രട്ടറിയില്‍ തുടങ്ങി ജനറല്‍ സെക്രട്ടറി വഴി ഇപ്പോള്‍ പ്രസിഡന്റ് പദവിയില്‍.ഇനിയാണ് യഥാര്‍ത്ഥ പദവി വരാനിരിക്കുന്നത്. പ്രസിഡന്റായിക്കഴിഞ്ഞാല്‍ ഒരു സ്നേഹപ്പേര് വേണം. ഇസ്മായില്‍ സാഹിബ് ഖായിദെ മില്ലത്ത് ആയിരുന്നു. സേട്ടുസാഹിബ് മെഹബൂബെ മില്ലത്തായിരുന്നു. സേട്ടുവിന്ശേഷം പ്രസിഡന്റായ ബനാത്ത്വാലയാകട്ടെ ശഹീറെ മില്ലത്തായിരുന്നു.സമുദായത്തിന്റെ തോഴനെന്നും സമുദായത്തിന്റെ അളിയനെന്നും മറ്റും അര്‍ത്ഥം വരുന്ന പലതരം പദവികളാണിത്. സമുദായത്തിന്റെ ലിക്വിഡേറ്റര്‍ എന്ന അര്‍ത്ഥം വരുന്ന ഒരു മില്ലത്തുണ്ട്. അത് വേറെ ചിലര്‍ക്ക് വേണ്ടി നേരത്തെത്തന്നെ സംവരണം ചെയ്ത് കഴിഞ്ഞതാണ്. ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും മകനായി പിറന്ന അഹമ്മദിന് തറവാട്ടുപേരില്‍ തന്നെ മില്ലത്ത് പദവിക്ക് സ്കോപ്പുണ്ട്. ഓവിന്റകത്തെ മില്ലത്ത്. എടപ്പകത്തെ മില്ലത്ത്. വല്ല മുസീബത്തെ മില്ലത്തുമാക്കി കോണിയുടെ മുകളില്‍ നിന്ന് താഴോട്ട് തട്ടും മുമ്പ് നല്ല വല്ല മില്ലത്തും തരപ്പെടുത്തുന്നത് നന്ന്.ഒരാള്‍ക്ക് ഒരു പദവി എന്നൊക്കെ പറയുന്നവരുണ്ട്. മില്ലത്ത് പദവിയും കേന്ദ്രമന്ത്രി പദവിയുംകൂടി ഒരാള്‍ വഹിക്കുന്നത് ശരിയല്ല. ഇസ്മായില്‍ സാഹിബോ സേട്ടുസാഹിബോ ബനാത്ത്വാല സാഹിബോ ഇങ്ങനെ ചെയ്തിട്ടില്ല. ആണവകരാര്‍ ഇസ്ളാമിനെ മാത്രമായി ബാധിക്കുന്ന പ്രശ്നമല്ലാഞ്ഞിട്ടുകൂടി അഹമ്മദ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവരുള്ള നാടാണിത്. പക്ഷേ, അമേരിക്കക്ക് ചികിത്സയ്ക്ക് പോവാന്‍ ഒരു കേന്ദ്രമന്ത്രി (അതും വിദേശകാര്യ സഹമന്ത്രി) കയ്യിലുണ്ടാവുന്നത് നല്ലതായതിനാല്‍ തല്‍ക്കാലം രക്ഷപ്പെട്ടെന്നുമാത്രം. രാവുള്ളപ്പോഴേ നിലാവ് കാണാന്‍ പറ്റൂ എന്ന് ഏതോ ഒരു കിത്താബില്‍ പറഞ്ഞിട്ടുണ്ട്.
വാലറ്റം: ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് ശിഹാബ് തങ്ങള്‍ -വാര്‍ത്ത
കമന്റ്: ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊഹ്യുദ്ദീന്റെ നേതാവ് ഡി. എം.കെ. പ്രസിഡന്റ് മുത്തുവേല്‍ കരുണാനിധിയും.

Thursday, September 4, 2008

മൌലികാവകാശം

ബുദ്ധനെന്ന് പേരിട്ടതുകൊണ്ടായില്ല.
ബുദ്ധി വേണം.
അല്ലെങ്കില്‍പ്പിന്നെ, കാറല്‍മാര്‍ക്സ് മൂലധനം രചിച്ച ദിവസംതൊട്ട് വര്‍ഗ ബഹുജന സംഘടനകളിലെ സഖാക്കളെല്ലാം എല്ലാ ദിവസവും ഉരുവിട്ട് മനഃപാഠമാക്കിയ ഒരു ഡയലോഗ് ബുദ്ധദേവന്‍ മാത്രം മറന്നുപോകുന്നതെങ്ങനെ?
'സമരം ചെയ്യാനുള്ള അവകാശം തൊഴിലാളി വര്‍ഗത്തിന്റെ മൌലികാവകാശമാണ്'.
ഈ ഡയലോഗ് പ്രത്യേക പത്രക്കുറിപ്പായി സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തിറക്കേണ്ടിവന്നിരിക്കുന്നു. ബുദ്ധദേവന്റെ ബുദ്ധിമോശം കൊണ്ടു മാത്രം.
മൂപ്പിലാന്‍ പറഞ്ഞത് മറ്റൊന്നാണ്.
"പാര്‍ട്ടി ആഹ്വാനം ചെയ്താല്‍ പോലും ഹര്‍ത്താലുകളെയും ബന്ദുകളെയും ഞാന്‍ എതിര്‍ക്കും."
ഈ പറയുന്ന പാര്‍ട്ടിയുടെ പരമാചാര്യന്മാരിലൊരാളാണ് ടിയാന്‍. പി.ബി മെമ്പര്‍. നമ്മുടെ വി. എസിനെയും പിണറായിയെയും പോലെ. നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ, വി.എസും പിണറായിയും മറ്റും ഇതുപോലെ ബുദ്ധിമോശം പറയുമെന്ന്.
പാര്‍ട്ടിയെ സംബന്ധിച്ച് പ്രാണവായുവാണ് സമരം. പാര്‍ട്ടി അവതരിച്ചതുതന്നെ സമര സംസ്ഥാപനാര്‍ത്ഥമാണ്. സംഭവാമിയൊക്കെ വഴിയെ വന്നോളും. സോഷ്യലിസം പോലെ.
ഇതൊക്കെ നന്നായറിയുന്ന ബുദ്ധദേവന്‍ കൊല്‍ക്കത്തയിലെ വാണിജ്യ സംഘടനയായ 'അസോച്ച'ത്തിന്റെ വേദിയില്‍ കയറിച്ചെന്ന് എന്തൊക്കെയാണ് വിളിച്ചുപറഞ്ഞത്?
"ഞാനൊരു രാഷ്ട്രീയ പാര്‍ട്ടി അംഗമാണ്. ഇതുവരെ നിശ്ശബ്ദത പാലിച്ചു. പക്ഷേ, ഇനി ബന്ദിനെതിരെ സംസാരിക്കും. ഘേരാവോ രൂപത്തിലുള്ള സമരമാര്‍ഗം പശ്ചിമ ബംഗാളില്‍ അനുവദിക്കില്ല."
ഹിറ്റ്ലറോ മുസോളിനിയോ സഞ്ജയ് ഗാന്ധിയോ സര്‍ സി.പിയോ ഒക്കെ ആവേശിച്ചാലെന്നപോലെ.
ഇതുപോലുള്ള പ്രതിവിപ്ളവ വായാടിത്തം (പിണറായി വിജയനോട് കടപ്പാട്) ഇതിനുമുമ്പ് ഒരു പീബി മെമ്പറും നടത്തിയിട്ടില്ല.
കേരളീയരായ നമ്മള്‍ ഭാഗ്യവാന്മാര്‍.
ഏതോ ഒരു ടാറ്റ വന്ന് സിംഗൂരില്‍ നിന്ന് ടാറ്റ പറയും എന്നു ഭീഷണിപ്പെടുത്തിയപ്പോഴേക്കും സമരവും ബന്ദും നിര്‍ത്തി ബൂര്‍ഷ്വാസിക്ക് പാദസേവ ചെയ്യുന്ന അഞ്ചാംപത്തിയും അവസരവാദിയും സാമ്രാജ്യത്വത്തിന്റെ പിണിയാളുമാവാന്‍ നമ്മുടെ മന്ത്രിമാരെ കിട്ടില്ല.
ടാറ്റയോ അംബാനിയോ കേരളത്തിലേക്ക് വരില്ലെന്നല്ലേയുള്ളു. ആ കുഴപ്പം നമ്മളങ്ങ് സഹിച്ചു. ഹര്‍ത്താല്‍ നടത്താനാവാതെ ശ്വാസംമുട്ടി മരിക്കുന്നതിലും നല്ലതാണോ അംബാനിയുടെ ചെരിപ്പ് നക്കി ജീവിക്കുന്നത്?
നാലു മാസം മുമ്പ് ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ വെളിപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിമാനപൂര്‍വ്വം പറഞ്ഞു: "ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 74 ഹര്‍ത്താലുകള്‍ നടത്തിക്കഴിഞ്ഞു."
ഇപ്പോള്‍ അത് സെഞ്ച്വറി കഴിഞ്ഞിരിക്കാനാണ് സാദ്ധ്യത. മറ്റേതെങ്കിലും നാട്ടിലെ മന്ത്രിക്ക് ഇങ്ങനെ നെഞ്ചുവിരിച്ച് പറയാന്‍ പറ്റുമോ?
അതുകൊണ്ട്
കേരളമെന്ന് കേട്ടാലോ? അഭിമാന
പൂരിതമാകണമന്തരംഗം
ഹര്‍ത്താലെന്ന് കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞരമ്പുകളില്‍.
ഹര്‍ത്താലിനെ വിമര്‍ശിക്കുന്ന ചില ക്ഷുദ്രജീവികള്‍ നമ്മുടെ നാട്ടിലുമുണ്ട്. ബുദ്ധദേവനെപ്പോലെ. അവര്‍ പറയുന്നതുകേട്ടാല്‍ തോന്നും വ്യവസായം വരാത്തതിന് കാരണം ഹര്‍ത്താലാണെന്ന്.
വാസ്തവത്തില്‍ ധര്‍ണയും ഘരാവോയും പിക്കറ്റിംഗും ഒക്കെ വ്യവസായത്തിന് നല്ലതാണ്. പണച്ചെലവില്ലാതെ സ്ഥാപനത്തിന്റെ പരസ്യം നടന്നുകിട്ടും. പ്ളാച്ചിമടയില്‍ കൊക്കകോള ഉണ്ടാക്കുന്ന കാര്യം നമ്മളെല്ലാം അറിഞ്ഞത് എങ്ങനെയാണ്? അവിടെ അഹോരാത്രം നടക്കുന്ന കല്‍പ്പാന്തകാല സമരം കാരണമല്ലേ?
അതുകൊണ്ട് സമരത്തിനെതിരെ സംസാരിച്ച് മൂരാച്ചിയാവരുത് നമ്മള്‍. സര്‍ഫിന്റെ പരസ്യംപോലെ കറ നല്ലതാണ്, സമരവും നല്ലതാണ്.
വാലറ്റം: ബന്ദ് തെറ്റാണെന്ന് ബുദ്ധദേവ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് തെറ്റ്- മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍.
കമന്റ്: അതാണ് ശരി.