Tuesday, July 29, 2008

ചീറ്റര്‍ജിയും അഹമ്മദും


കുതിരയുടെ വില എത്രയെന്ന് കുതിരയല്ല നിശ്ചയിക്കാന്‍. അതിന്റെ ആവശ്യക്കാരാണ്. കേന്ദ്രത്തിന്റെ ശ്വാസം നേരെയാവാന്‍ എത്ര കുതിര വേണ്ടിവന്നുവെന്നും എത്ര മു'ലായ'ങ്ങള്‍ പണിയേണ്ടിവന്നുവെന്നും മന്‍മോഹന്‍സിംഗിനോ അമര്‍സിംഗിനോ പോലും അറിയില്ല. അതിന്റെയെല്ലാം കണക്ക് വേറെ ചില അംബാനിമാരുടെ കയ്യിലാണ്.
അപ്പോള്‍പ്പിന്നെ സാധാരണക്കാരായ നമ്മള്‍ അതിന്റെ പിറകെ പോയിട്ട് ഒരു കാര്യവുമില്ല. നമുക്ക് പോവാന്‍ പറ്റിയ വേറൊരു റൂട്ടുണ്ട്. സോമനാഥ് ചാറ്റര്‍ജിയുടെ വഴി.
ലോകസഭയും വിശ്വാസവോട്ടെടുപ്പും ഒന്നുമല്ല വിഷയം. വേറെ ചിലതാണ്.
39-ാം വയസ്സില്‍ സി.പി. എം അംഗമായ ആള്‍.
ലോകസഭാ സ്പീക്കറാവുന്ന ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍
രണ്ടു പതിറ്റാണ്ടുകാലം ലോകസഭയിലെ കക്ഷി നേതാവ്.
പത്തുതവണ പാര്‍ലമെന്റംഗമായ ആള്‍.
മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട ആള്‍.
77 വയസ്സിനിടെ പഞ്ചായത്തില്‍പോലും അധികാരം കയ്യാളാത്ത ആള്‍. ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍കാന്ത് ചാറ്റര്‍ജിയുടെ മകനായി പിറന്നിട്ട് കമ്മ്യൂണിസത്തെ പ്രാണവായുവാക്കി എട്ട് പതിറ്റാണ്ട് ജീവിച്ച ആള്‍.
അതെ, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്.
ഇങ്ങനെയൊക്കെ ആയ ഒരാളെപ്പറ്റി നമ്മുടെയെല്ലാം ധാരണയെന്താണ്?
ഇനി പ്രത്യേകിച്ച് മുക്കുടിയോ മുക്താരിഷ്ടമോ കുടിപ്പിച്ച് ദഹനക്കേട് തീര്‍ക്കാന്‍മാത്രം പാര്‍ലമെന്ററി വ്യാമോഹം അദ്ദേഹത്തിനുണ്ടെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക.
പക്ഷേ,
സംഭവിച്ചത് അതാണ്.
പൊട്ടിവീഴാറായ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ മരക്കൊമ്പില്‍ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം കൂടി കടിച്ചുതൂങ്ങി കിടക്കുക! കിട്ടിയ അധികാരം ഉപേക്ഷിക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് സ്വയം വിലയിരുത്തുക. പി.ബി. മെമ്പര്‍മാരെ കാണുമ്പോള്‍ വക്രിച്ച ചിരി ചിരിക്കുക. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍സിംഗിന്റെയും മച്ചമ്പിയാവുന്നതില്‍ ആത്മനിര്‍വൃതിയടയുക.
കമ്മ്യൂണിസ്റ്റുകാര്‍ വായിക്കാന്‍ വേണ്ടിയല്ല ഇത് എഴുതുന്നത്. അവര്‍ വായിക്കണമെന്നില്ല. അവര്‍ക്ക് വിവരമുണ്ട്.
എന്നാല്‍ മുസ്ളീംലീഗിന്റെ കാര്യം അങ്ങനെയല്ല.
വായനാശീലം കുറവാണ്.
പുസ്തകം കത്തിക്കുന്നതാണ് അവരുടെ പരിപാടി. അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതാണ് അവരുടെ ആക്ഷന്‍. അവര്‍ ഇത് വായിക്കണം.
സോമനാഥിന്റെ പ്രൊഫൈല്‍ ഹൃദിസ്ഥമാക്കണം. എന്നിട്ട് ഒരു ചോദ്യം സ്വയം ചോദിക്കണം.
അല്ലെങ്കില്‍ വേണ്ട.
സി.പി. എമ്മിന്റെ മുഖപത്രത്തില്‍ വന്ന ഒരു സിംഗിള്‍ കോളം തലക്കെട്ടിലെ കൊച്ചുവാര്‍ത്ത വായിക്കണം.
'ചാറ്റര്‍ജിയെ സി.പി. എമ്മില്‍ നിന്ന് പുറത്താക്കി', കാരണം മറ്റൊന്നുമല്ല. 'പാര്‍ട്ടി നിലപാടുകള്‍ ശത്രുക്കള്‍ക്ക് അടിയറ വച്ചതിന് പാര്‍ട്ടി ഭരണഘടനയിലെ 19-ാം ഖണ്ഡികയുടെ 13-ാം അനുച്ഛേദം അനുസരിച്ചാണ് നടപടി. ഗുരുതരമായ പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അസാധാരണമായ സാഹചര്യത്തിലെടുക്കുന്ന നടപടിയാണ് ഇത്.
കമ്മ്യൂണിസം അരച്ചുകലക്കികുടിച്ച ആള്‍.
വിവരവും വിദ്യാഭ്യാസവുമുള്ള ആള്‍.
പക്ഷേ അനുച്ഛേദമോ അനുസ്വാരമോ അറിയില്ല.
പതിറ്റാണ്ടുകളായി ബംഗാളിലെ പരിപ്പുവടയായ ഉണക്കി റൊട്ടി തിന്നും, കട്ടന്‍ ചായ കുടിച്ചും കെട്ടിപ്പടുത്ത പാര്‍ട്ടിയെ അരനാഴിക നേരത്തെ സ്പീക്കര്‍ പദവിക്കുവേണ്ടി ശത്രുക്കള്‍ക്ക് അടിയറവെച്ചില്ലേ?
അതാണ് കാണേണ്ടത്.
അതാണ് പഠിക്കേണ്ടത്.
ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രത്തില്‍ അന്‍വര്‍ റഷീദിന്റെ ചെക്കന് ജീവനെന്ന് പേരിട്ടതുകൊണ്ടാണെന്നും ഇന്നാട്ടില്‍ കമ്മ്യൂണിസം പൂത്തുലയില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
അരനാഴിക നേരത്തെ സ്പീക്കര്‍ പദവി കണ്ടാല്‍ കമ്മ്യൂണിസം ഉപേക്ഷിക്കുന്ന സോമനാഥ് ചാറ്റര്‍ജിമാരുടെ നാട്ടില്‍ ഏഴാം ക്ളാസില്‍വെച്ച് എസ്. എഫ്. ഐ ആവുന്ന മതേതര ജീവനെ മാര്‍ഗം കൂട്ടാന്‍ എന്തൊക്കെ വഴിയുണ്ട്. മാമോദീസ മുക്കുകയോ പൊന്നാനിയില്‍ കൊണ്ടുപോവുകയോ ആവാം.
അതുകൊണ്ട്
കഴിഞ്ഞത് കഴിഞ്ഞു
പാഠപുസ്തകം കത്തിച്ചു
അധ്യാപകനെ ചവിട്ടിക്കൊന്നു.
ഇനിയും അവിവേകമൊന്നും കാണിക്കരുത്.
അഹമ്മദ് ആത്മഹത്യ ചെയ്യരുത്.
ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ളീംലീഗുകാരന്‍ കേന്ദ്രത്തില്‍ മന്ത്രിയാവുന്നത്. സി.പി. എമ്മിനെപ്പോലെ വിവരക്കേട് കാട്ടരുത്. അങ്ങനെ വല്ലതും കാട്ടാന്‍ മുസ്ളീംലീഗിന്റെ പി.ബിയായ കുഞ്ഞാലിക്കുട്ടിക്ക് തോന്നിയാല്‍തന്നെ അഹമ്മദ് സോമനാഥ് ചാറ്റര്‍ജിയായി ഉയര്‍ന്ന് മാതൃക കാട്ടണം.
സ്പീക്കറാവുന്നതോടെ ഒരാള്‍ സഖാവല്ലാതായി മാറും. അതുപോലെതന്നെ മന്ത്രിയാവുന്നതോടെ മറ്റൊരാള്‍ ലീഗും അല്ലാതാവും.
ഇതെല്ലാം മനസ്സിലാക്കാനള്ള ബുദ്ധി, പ്രത്യയശാസ്ത്രം പഠിച്ചിട്ടില്ലാത്തതിനാല്‍ നമുക്കുണ്ട്. അല്ലെങ്കിലും, നാലുവര്‍ഷക്കാലം കണ്ണിലെകൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച ഒരു സര്‍ക്കാരിനെ ബി.ജെ.പിയുമായി കൂടിച്ചേര്‍ന്ന് അട്ടിമറിക്കാന്‍ എത് കമ്മ്യൂണിസ്റ്റുകാരനാണ് കഴിയുക.
അതാണ് പറഞ്ഞത്.
പാഠപുസ്തകത്തില്‍ എത്ര ചിത്രകഥകള്‍ രചിച്ചാലും കമ്മ്യൂണിസ്റ്റല്ലാതാവാന്‍ ഒരു സെക്കന്‍ഡ് മതി.
വാലറ്റം: സോമനാഥ് ചാറ്റര്‍ജിക്ക് ചരിത്രത്തിലുള്ള സ്ഥാനം പാര്‍ട്ടി വഞ്ചകന്‍ എന്നതായിരിക്കും: പിണറായി വിജയന്‍.
കമന്റ്: പാര്‍ട്ടി ലിക്വിഡേറ്റര്‍ സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കരുത്.


Monday, July 21, 2008

മതമേതായാലും മനുഷ്യന്‍ കമ്മ്യൂണിസ്റ്റായാല്‍ മതി


'മോന്റെ പേരെന്താ'?
'പേരില്ല'
'നല്ല കുട്ടിയല്ലേ, തറുതല പറയല്ലേ'
'എനിക്ക് പേരില്ലെന്ന് പറഞ്ഞില്ലേ'
'അതെന്താ അങ്ങനെ?'
'ഉണ്ടാക്കിയവരോട് ചോദിക്ക്'
ഉത്തരം കേട്ട ഹെഡ്മാസ്റ്റര്‍ ശരിക്കും വിയര്‍ത്തുപോയി. അപേക്ഷ പൂരിപ്പിക്കാനെടുത്ത പേന തിരിച്ച് ടോപ്പിലിട്ടു.
മോനാരാ മോന്‍!
നിരവധി സമരങ്ങള്‍ അതിജീവിച്ചും കരിക്കുലം കമ്മിറ്റിയില്‍ കാത്തുകിടന്നും ഉപസമിതിയുടെ തിരുത്തലുകള്‍ക്ക് വിധേയമായും മറ്റും തീയില്‍ കുരുത്ത വിത്തല്ലേ?
ജീവനെന്ന പേര് വെട്ടിമാറ്റിയതുകൊണ്ടൊന്നും ഏഴാംക്ളാസിലെ പാഠപുസ്തകത്തില്‍ നിന്ന് പുറത്തുപോവാന്‍ ഉദ്ദേശിച്ചിട്ടില്ല അവന്‍.
ഹെഡ്മാസ്റ്റര്‍ വിയര്‍ക്കുന്നത്കണ്ട് അവന്‍ പറഞ്ഞു:
'അതല്ല ഞാന്‍ ഉദ്ദേശിച്ചത്. പാഠപുസ്തകം ഉണ്ടാക്കിയ കരിക്കുലം കമ്മിറ്റിയോട് ചോദിക്കൂ'!
'അപ്പോള്‍ വളര്‍ന്ന് വലുതായാല്‍ ആളുകള്‍ മോനെ എന്ത് വിളിക്കും'? ഹെഡ്മാസ്റ്റര്‍ സംശയം പ്രകടിപ്പിച്ചു.
അച്ഛന് ഇടപെടാതിരിക്കാന്‍ വയ്യെന്നായി. " ഇട്ട പേരുകള്‍ തന്നെ ആളുകള്‍ വിളിക്കുമെന്ന് എന്താണുറപ്പ് സാര്‍. സാറിന്റെ കാര്യം തന്നെ നോക്കുക. അച്ഛനമ്മമാര്‍ ഇട്ട പേരിലല്ലല്ലോ സാര്‍ സ്കൂളില്‍ അറിയപ്പെടുന്നത്. ഇരട്ടപ്പേരിലല്ലേ?"
ഹെഡ്മാസ്റ്റര്‍ ഇപ്പോള്‍ കൂടുതല്‍ വിയര്‍ത്തു. ജാള്യത പുറത്തുകാണിക്കതെ ഹെഡ്മാസ്റ്റര്‍ വീണ്ടും ചോദിച്ചു. അപേക്ഷാഫോറം പൂരിപ്പിക്കാതെ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ
'അച്ഛന്റെ പേരെന്താ?'
ചെക്കനാണ് പറഞ്ഞത്: " അന്‍വര്‍ റഷീദ് എന്നായിരുന്നു"
ഹെഡ്മാസ്റ്റര്‍ക്ക് പൊരുള്‍ മനസ്സിലായില്ല. അദ്ദേഹം വീണ്ടും ചോദിച്ചു. " അച്ഛന്റെ പേര് എന്ന കോളത്തില്‍ ഞാന്‍ എന്ത് പേരാണ് എഴുതേണ്ടത്?"
" അച്ഛന്‍ ആരെന്ന് തീര്‍ച്ചയായിട്ട് എഴുതാം. അച്ഛന്റെ പേര് ഇപ്പോള്‍ തര്‍ക്കത്തിലാണ്''
'' എങ്കില്‍ അമ്മയുടെ പേര് പറയൂ. അമ്മയും രക്ഷിതാവാണല്ലോ''
'' ലക്ഷ്മീദേവിയായിരുന്നു അമ്മ''
" ഇപ്പോള്‍?"
" ഇപ്പോഴും അവര്‍ തന്നെ. പക്ഷേ ഇപ്പോഴത്തെ പേര് അതല്ല"
ഹെഡ്മാസ്റ്റര്‍ പ്യൂണിനെ വരുത്തി ഒരു ഗ്ളാസ് വെള്ളം വരുത്തി കുടിച്ചു.
ഇതുപോലൊരു ചെക്കനെ ആദ്യമായാണ് സ്കൂളില്‍ ചേര്‍ക്കുന്നത്.
" ആട്ടെ, മോന്റെ മതമെന്താ?"
" ഇത് പള്ളിയാണോ പള്ളിക്കൂടമാണോ?" ചെക്കന് ഹെഡ്മാഷിന്റെ ചോദ്യം ഒട്ടും രസിച്ചില്ല.
" സാറ്, ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്. ആ ചോദ്യം അങ്ങനെ ചോദിക്കാന്‍ പാടില്ല സാറേ. മോന്റെ വിശ്വാസമെന്ത് എന്നാണ് ചോദിക്കേണ്ടത്"
" ശരി. മോന്റെ വിശ്വാസമെന്താണ്?"
"കമ്മ്യൂണിസം"
ദൈവമേ! ഈ ചെക്കന്‍ സ്കൂള് കുട്ടിച്ചോറാക്കും. ഇങ്ങനെയുള്ള ചെക്കന്മാരെയാണല്ലോ വിദ്യാഭ്യാസമന്ത്രി ശുപാര്‍ശകത്തും നല്‍കി സ്കൂളില്‍ ചേര്‍ക്കാന്‍ അയച്ചിരിക്കുന്നത്. മനസ്സില്‍ തികട്ടിവന്ന ചിന്തകള്‍ പുറത്തുവരാതെ സൂക്ഷിച്ച ഹെഡ്മാസ്റ്റര്‍ വീണ്ടും ചോദിച്ചു.
"നിനക്ക് തന്തയും തള്ളയും ആരുമില്ലേ" ചെക്കന്‍ ദേഷ്യംകൊണ്ട് ചുവന്നുതുടുത്തു.
"സാറിന് അറിയാന്‍ പാടില്ലാഞ്ഞിട്ടാണ്. ജീവന്‍ എന്നായിരുന്നു എന്റെ പേര്. അന്‍വര്‍ റഷീദിന്റെയും ലക്ഷ്മീദേവിയുടെയും മോന്‍. എനിക്ക് പേരില്ലാതാക്കിയത് നിങ്ങളൊക്കെത്തന്നെയാണ്. അച്ഛന്‍ ഇസ്ളാമും അമ്മ ഹിന്ദുവും ആയ സ്ഥിതിക്ക് വളര്‍ന്ന് വലുതാവുമ്പോള്‍ ക്രിസ്ത്യാനിയാവാമെന്നാണ് ഞാന്‍ വിചാരിച്ചത്. നമ്മുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുകയുമാവാം.
ഇപ്പോള്‍ കരിക്കുലം കമ്മിറ്റി പറയുന്നത് മിശ്രവിവാഹിതരുടെ മതം വെളിപ്പെടുത്തരുതെന്നാണ്. മക്കളുടെ പേര് പറയരുതെന്നാണ്. മതസ്വാതന്ത്യ്രത്തിനുപകരം വിശ്വാസസ്വാതന്ത്യ്രം എന്ന് ചേര്‍ക്കണമെന്നാണ്. ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് വിശ്വസിക്കും സാറേ.
സാറ് ഈ പുസ്തകത്തില്‍ പലതും എഴുതിവെച്ചിട്ടുണ്ടല്ലോ. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും മറ്റും. നന്നാവാനുള്ള വഴിയൊക്കെ എനിക്കറിയാം സാറേ. ഇപ്പോള്‍ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. അതുകൊണ്ട് ഞാന്‍ ബേബിസാറിന്റെ പാര്‍ട്ടിയാണ്. മതമേതായാലും മനുഷ്യന്‍ കമ്മ്യൂണിസ്റ്റായാല്‍ മതിയെന്ന് സഖാവ് കാറല്‍ മാര്‍ക്സും പറഞ്ഞിട്ടുണ്ട്. സാറ് ഏത് സംഘടനയിലാ? കെ. എസ്.ടി. എയില്‍ തന്നല്ലേ? സാറെന്നെ വേഗം സ്കൂളില്‍ ചേര്‍ക്കാന്‍ നോക്ക്. എന്നിട്ടുവേണം എനിക്ക് പഠിപ്പുമുടക്കി പ്രകടനം നടത്താന്‍.
ഇന്‍ക്വിലാബ് സിന്ദാബാദ്
ലാല്‍ സലാം
വാലറ്റം: മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ട് വിശ്വാസസ്വാതന്ത്യ്രം എന്നാക്കി മാറ്റാന്‍ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.
കമന്റ്: ആമേന്‍

Monday, July 14, 2008

ബുദ്ധി അ്‍ള്ള തന്നെ കൊടുക്കണം

പള്ളീലെ കാര്യം അള്ളായ്ക്കേ അറിയൂ. അള്ളാന്റെ കാര്യമോ? അതു അറിയുന്ന ഒരേ ഒരാളേയുള്ളൂ. ഈ ആലം ദുനിയാവില്‍ - ടി.കെ. ഹംസ മുസ്ള്യാര്‍. മഞ്ചേരിയില്‍നിന്നുള്ള നമ്മുടെ പാര്‍ലമെന്റംഗം.
കഴിഞ്ഞ ആഴ്ച മലപ്പുറത്ത് ഹംസ ഒരു മതപ്രസംഗം നടത്തി. ലീഗിന്റെ അക്ഷരവിരോധത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ കൂട്ടായ്മയില്‍. ചാനലായ ചാനലൊക്കെ അത് നന്നായി കവര്‍ ചെയ്തു.
"അള്ള ലീഗുകാര്‍ക്ക് ബുദ്ധികൊടുത്തില്ല. അതുകൊണ്ടാണ് അവര്‍ കിത്താബ് കത്തിക്കുന്നത്." കായ് ഇല്ലെങ്കിഞമ്മക്ക് കൊട്ക്കാം. തുണീം കുപ്പായോ വാങ്ങിക്കൊട്ക്കാം. പക്ഷേ, അക്ഷരവും ബുദ്ധിയും - അത് അള്ളതന്നെ കൊടുക്കണം."
ഇങ്ങനെ പോയി മുസ്ള്യാരുടെ വാക്കുകള്‍. ഹംസയ്ക്ക് ബുദ്ധികൊടുക്കുന്ന കാര്യത്തില്‍ അള്ള ഒട്ടും പിശുക്ക് കാണിച്ചില്ലെന്ന് പ്രസംഗം കേട്ടവര്‍ക്ക് ബോധ്യമായിക്കാണും. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും ബുദ്ധി തെളിയിച്ച ആളാണ് ഹംസ.
ആര്യാടന്റെ ആട്ടും തുപ്പും സഹിച്ച് കോണ്‍ഗ്രസുകാരനായി കഴിയുന്നതിലും നല്ലത് സി.പി. എമ്മിനുവേണ്ടി അരിവാള്‍ സുന്നിയാവുന്നതാണെന്ന് അള്ള തന്നെയാണല്ലോ ഹംസയെ ഉപദേശിച്ചത്. അതുകൊണ്ടാണല്ലോ ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ ആര്യാടന് എതിരെ ഹംസ റബലായത്.
അതിനു ഗുണമുണ്ടായി,
എം.എല്‍.എ ആയി,
ചീഫ് വിപ്പ് ആയി,
മന്ത്രിയായി.
പാര്‍ലമെന്റംഗവുമായി.
പക്ഷേ, അതുകൊണ്ടൊന്നും ലീഗിന്റെ ബുദ്ധിയളക്കാനുള്ള ഐ.ക്യു മീറ്റര്‍ ലഭിക്കില്ല. ഹംസ സി.പി.എമ്മിന്റെ മദ്രസയില്‍ ഓതാന്‍ തുടങ്ങുന്നതിനുമുന്‍പ് സി.പി.എമ്മിന്റെ കളരിയില്‍ മുസ്ള്യാക്കന്മാരായവരാണ് ലീഗുകാര്‍. സി.പി. എമ്മിനെപ്പോലെ ബുദ്ധിരാക്ഷസന്മാര്‍ നയിക്കുന്ന ഒരു പാര്‍ട്ടിയുമായി ചേര്‍ന്ന് ബിസിനസ് നടത്തി ലാഭമുണ്ടാക്കാന്‍ കുറച്ചൊന്നും ബുദ്ധി പോരാ.
അതുകൊണ്ട്, ലീഗിന് ബുദ്ധിയില്ലെന്നു മാത്രം പറയരുത്. അതിന്റെ പേരില്‍ അള്ളാന്റെ മെക്കിട്ട് കയറുകയും ചെയ്യരുത്. ബുദ്ധി അളക്കാനുള്ള ഏത് ഐ.ക്യു. ടെസ്റ്റിലും എ പ്ളസ് നേടുന്ന പാര്‍ട്ടിയാണ് ലീഗ്.
അന്‍വര്‍ റഷീദുമാരുടെ മക്കളെയെല്ലാം മതമില്ലാത്ത നിര്‍ജീവന്മാരാക്കി വളര്‍ത്തിയാല്‍ ലീഗിന്റെ കച്ചവടം പൂട്ടിക്കാമെന്ന് എം.എ. ബേബി കരുതുന്നുണ്ടാവും. ബേബിയുടെയും സി.പി.എമ്മിന്റെയും സൂത്രം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പാണക്കാട്ടെ മദ്രസയില്‍ ഓതിപ്പഠിച്ചാല്‍ മാത്രം മതി.
ബുദ്ധിയുള്ളതുകൊണ്ടാണ് ലീഗുകാര്‍ പുസ്തകം കത്തിച്ചത്. ഇബിലീസിനെ ഇബിലീസായിത്തന്നെ കാണാനുള്ള ബുദ്ധിയൊക്കെ അള്ള ലീഗുകാര്‍ക്ക് കൊടുത്തിട്ടുണ്ട്.
അതുകൊണ്ട്, ബുദ്ധിയില്ലാത്തവരെന്നു മാത്രം ലീഗിനെപ്പറ്റി പറയതരുത്. ഹംസയുടെ പാര്‍ട്ടി വോട്ടുകിട്ടാന്‍വേണ്ടി സദ്ദാം ഹുസൈനെ ഇറക്കി; യാസര്‍ അരാഫത്തിനെ ഇറക്കി; കാന്തപുരം മുസ്ള്യാരെ ഇറക്കി; ബുഖാരിതങ്ങളെ ഇറക്കി. എന്നാല്‍, പാണക്കാട് തങ്ങളെ മാത്രം ഇറക്കിക്കളിച്ച പാര്‍ട്ടിയാണ് ലീഗ്. ലീഗിന് കൊടുത്ത ബുദ്ധിതന്നെയാണ് ലീഗിനു വോട്ടുചെയ്യുന്നവര്‍ക്കും അള്ള കൊടുത്തിട്ടുള്ളത്. ഐ. എ.എസ് പരീക്ഷ എഴുതിക്കാനൊന്നുമല്ലല്ലോ അണികളെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
സാമൂഹ്യപാഠം കത്തിച്ച് ബുദ്ധിമോശം കാണിക്കുന്ന ലീഗ് ബുദ്ധിജീവികളുടെ വിഷയമായ ആണവകരാറിന്റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നും ഹംസയുടെ പാര്‍ട്ടി ചോദിക്കുന്നുണ്ട്.
ബുദ്ധിയുള്ള ഒരാളും ചോദിക്കാത്ത ചോദ്യമാണത്. എല്ലാകാലത്തേയും എല്ലാ ചോദ്യങ്ങള്‍ക്കും കൂടി ആയിരം വട്ടമെങ്കിലും ലീഗ് ഉത്തരം പറഞ്ഞിട്ടുണ്ട്. 'തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കും.' ഏതു കാര്യത്തിലും അതാണ് ലീഗിന്റെ നിലപാട്.
നോമ്പും നിസ്കാരവുംപോലെ ഇസ്ളാമിന്റെ പരിധിക്കുള്ളില്‍ വരുന്ന ഒന്നല്ല ആണവകരാര്‍. അതുകൊണ്ട് തക്കസമയത്തുപോലും ലീഗ് യുക്തമായ തീരുമാനം എടുക്കണമെന്നില്ല.
ബാബ്റി മസ്ജിദ് തകര്‍ത്തിട്ടുപോലും കൈക്കൊള്ളാത്ത തീരുമാനം ആണവകരാറിന്റെ പേരില്‍ കൈക്കൊള്ളാന്‍ മാത്രം ബുദ്ധിയില്ലാത്ത പാര്‍ട്ടിയല്ല ലീഗ്. അതിനൊക്കെയുള്ള ബുദ്ധി നല്‍കിയശേഷമാണ് അള്ള ലീഗിന്റെ പടപ്പ് പൂര്‍ത്തിയാക്കിയത്.
വേറെയും പലതരം ബുദ്ധി ലീഗിനുണ്ട്. യു.ഡി. എഫില്‍നിന്നുകൊണ്ട് എല്‍.ഡി.എഫിലെ സി.പി. എമ്മുമായി അടവുനയം ഉണ്ടാക്കാനുള്ള ബുദ്ധി.
ലീഗിന്റെ ബുദ്ധി പരീക്ഷിക്കാനാണ് ആണവകരാറിലെ ചോദ്യങ്ങള്‍ ചോദിക്കുന്നതെങ്കില്‍ യാ റബ്ബേ എന്നേ പറയാനുള്ളൂ. ലീഗിനു വോട്ടുചെയ്യുന്നവരുടെ ഐ.ക്യു ആണ് പരീക്ഷിക്കുന്നതെങ്കില്‍ വേറൊരു ചോദ്യമുണ്ട് ചോദിക്കാന്‍. 'നാലുവര്‍ഷം കേന്ദ്രത്തില്‍ മന്ത്രിയായിരുന്നിട്ടും ആ മസ്ജിദിനുവേണ്ടി എന്തു ചെയ്തു.' അങ്ങനെ 'ബുദ്ധി' മുട്ടിക്കുന്ന ചില ചോദ്യങ്ങളുണ്ടല്ലോ ചോദിക്കാന്‍.
വാലറ്റം: ആണവകരാറില്‍ ലീഗിന്റെ വികാരം മാനിച്ചില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്.
കമന്റ്: ശിഹാബ്തങ്ങളെ ചുമതലപ്പെടുത്തുമെന്ന് പറയുന്നതിന്റെ പര്യായം.

Monday, July 7, 2008

പാണക്കാട് പാക്കേജ്


തെങ്ങിന് ഉപയോഗിക്കുന്ന തളപ്പല്ല കവുങ്ങിന് ഉപയോഗിക്കുക. വണ്ണം കുറഞ്ഞതുകൊണ്ട് തെങ്ങ് കവുങ്ങാവുകയോ മറിച്ചായതുകൊണ്ട് കവുങ്ങ് തെങ്ങാവുകയോ ഇല്ല. ഈ തളപ്പ് സിദ്ധാന്തം തെങ്ങുകയറ്റ പ്രവര്‍ത്തനത്തില്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണ്.
ഇല്ലെങ്കില്‍ അദ്ധ്വാനം പാഴാവും.
വയലാര്‍ രവി പാണക്കാട്ട് വന്നതുപോലെയാവും.
ആര്യാടന്‍-ലീഗ് പ്രശ്നത്തില്‍ ശരിയായ തളപ്പല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആദ്യം ഉപയോഗിച്ചത്. അതുകൊണ്ടാണ് ആ പ്രശ്നം ആദ്യമെല്ലാം പരിഹരിക്കപ്പെടാതെ കിടന്നത്. ശരിയായ തളപ്പ് പ്രയോഗിച്ചപ്പോള്‍ എത്ര പെട്ടെന്നാണ് അത് പരിഹരിച്ചത്. മലപോലെ വന്നത് എലിപോലെ പോയി.
ആര്യാടന്മാരായ ബാപ്പയും മോനും ചേര്‍ന്ന് എന്തൊക്കെയോ പറഞ്ഞു.
കോണ്‍ഗ്രസ് കഠിനാദ്ധ്വാനം ചെയ്താല്‍ മലപ്പുറത്ത് ലീഗിനെ മറികടക്കാനാവുമത്രെ. അങ്ങനെ കഠിനാദ്ധ്വാനം ചെയ്യരുതെന്ന് കോണ്‍ഗ്രസിന്റെ ഭരണഘടനയിലുമുണ്ട്. മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ ലീഗിനെ ശക്തിപ്പെടുത്താനാണ് കഠിനാദ്ധ്വാനം ചെയ്യേണ്ടത്. മുട്ടിപ്പടി തങ്ങള്‍, കോട്ടപ്പടി തങ്ങള്‍, സ്വലാത്ത് തങ്ങള്‍, ബുഖാരി തങ്ങള്‍ തുടങ്ങി മുട്ടിന്മുട്ടിന് തങ്ങള്‍മാരും സിദ്ധന്മാരുമുള്ള നാടാണ് മലപ്പുറം. ഏതെങ്കിലും തങ്ങളെ ചീത്തപറയണമെങ്കില്‍ പേരെടുത്തുപറയണം. മലപ്പുറത്തെ തങ്ങള്‍ എന്ന് പറഞ്ഞ് 'ഫിത്തന' ഉണ്ടാക്കുന്നതിനും കോണ്‍ഗ്രസ് ഹൈക്കമാന്റ് എതിരാണ്.
തങ്ങള്‍മാരുടെ കോലായ ആര്‍ക്കും കേറി നെരങ്ങാവുന്നതല്ല. ചാനലുകളില്‍ വെള്ളപ്പൊക്കമുണ്ടായി; പത്രങ്ങളില്‍ മഷിയൊലിച്ചുതൂവി. മുസ്ളീംലീഗിന് തുമ്മാന്‍ മുട്ടി.
മൂക്കെങ്ങാന്‍ തെറിച്ചുപോയാലോ?
ഹൈക്കമാന്‍ഡിനു പേടിയായി
ലോകസഭാ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ജയിച്ചില്ലെങ്കില്‍ പോകട്ടെ. വട്ടപ്പൂജ്യത്തിന്റെ മാനക്കേടില്‍നിന്നെങ്കിലും രക്ഷപ്പെടണം. അതുകൊണ്ടാണ് പാണക്കാട്ടെ മൂക്ക് വിറക്കുന്നത് കണ്ട് ഹൈക്കമാന്‍ഡ് തന്നെ നേരിട്ടിറങ്ങിയത്.
ഹൈക്കമാന്‍ഡിന്റെ പ്രത്യേക ദൂതനായി കാബിനറ്റ് റാങ്കുള്ള വയലാര്‍ രവി തന്നെ പാണക്കാട്ട് പറന്നെത്തി. മുറിയടച്ച് ചര്‍ച്ചയും ഭക്ഷണവും നടത്തി. മലപ്പുറത്തുതന്നെയുണ്ടായിരുന്ന ആര്യാടന്മാരെ കാണാതെ മടങ്ങുകയും ചെയ്തു.
കര്‍ണ്ണാടകം ഒന്നടങ്കം കൈവിട്ടുപോയപ്പോള്‍പോലും ഹൈക്കമാന്‍ഡ് ഇത്രത്തോളം സീരിയസ്സായി ഇടപെട്ടിട്ടില്ല. ആര്യാടന്‍-ലീഗ് തര്‍ക്കം അവിടെ തീരേണ്ടതായിരുന്നു.
പക്ഷേ,
തീര്‍ന്നില്ലെന്ന് മാത്രമല്ല വളര്‍ന്ന് വലുതാവുകയും ചെയ്തു. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുപോലും തീരാത്ത പ്രശ്നം പരിഹരിക്കാന്‍ പിന്നെ കെ.പി.സി.സി. എന്ന നിലയിലാണ് ഇടപെട്ടത്. ചില കാര്യത്തില്‍ അങ്ങനെയാണ്. ആയിരത്തെക്കാള്‍ വലുത് തൊള്ളായിരമായെന്നുവരും. ലീഗിലൊക്കെ അഖിലേന്ത്യാപ്രസിഡണ്ടുമാരെ നിയമിക്കുന്നതും പുറത്താക്കുന്നതും തള്ളിപ്പറയുന്നതും സംസ്ഥാനകമ്മിറ്റിയാണ്. ഇത്തരത്തില്‍ നിരവധി തവണ നിര്‍ണ്ണായകമായി തീരുമാനമെടുത്തപാര്‍ട്ടിയാണത്.
കെ.പി.സി.സി ഏറ്റെടുത്ത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍തന്നെ പ്രശ്നത്തിന് അല്പമൊരു അയവുവന്നു. അങ്ങനെയാണ് വേണ്ടപ്പെട്ടവര്‍വേണം ഇടപെടാന്‍. പക്ഷേ, അല്പം പിഴച്ചു. ബാപ്പയോട് ചോദിക്കേണ്ട ചോദ്യം മോനോട് ചോദിച്ച് പ്രശ്നം അവസാനിപ്പിച്ചതായി കെ.പി.സി.സി പറഞ്ഞു.
അത് ശരിയല്ലല്ലോ.
പ്രശ്നം അവസാനിച്ചുവോ ഇല്ലയോ എന്ന് പറയേണ്ടത് കോണ്‍ഗ്രസല്ല ലീഗാണ്. അവര്‍ അവരുടെ ഹൈപവര്‍ കമ്മിറ്റി ചേര്‍ന്നു. പ്രശ്നം അവസാനിപ്പിച്ചിട്ടില്ലെന്ന് കട്ടായമായി പറയുകയും ചെയ്തു.
വീണ്ടും ചാനലുകളില്‍ വെള്ളപ്പൊക്കം.
പത്രങ്ങളില്‍ മഷിയൊഴുക്ക്.
ഖിയാമം നാള്‍ അടുത്തുവരുന്നതുപോലെ.
കോഴിക്കോട് കടപ്പുറത്ത് സുനാമിത്തിരയുടെ അല.
എന്തൊക്കെയോ സംഭവിക്കുമെന്നു കരുതി ഏവരും മുന്‍കരുതലുകള്‍ തുടങ്ങി. കെ. എം. മാണി തൊട്ട് കെ.ബി. ഗണേഷ്കുമാര്‍ വരെയുള്ള ഘടകകക്ഷികള്‍ പാണക്കാട്ടെത്തി തങ്ങളുടെ അനുഗ്രഹം വാങ്ങി.
എന്തും സംഭവിക്കാം.
ഉദ്വേഗപൂര്‍ണ്ണമായ ദിനങ്ങള്‍.
പാനല്‍ ചര്‍ച്ചകള്‍, രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങള്‍. കൂലിയെഴുത്തുകാരുടെ ലേഖനങ്ങള്‍.
അപ്പോഴാണ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനും കൂടി പാണക്കാട്ട് ചെന്നത്. അവര്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ കയറി. ചായ കുടിച്ചു. അണ്ടിപ്പരിപ്പ് തിന്നു. ഹലുവാകഷ്ണം തിന്നു. ടവ്വലെടുത്തു ചിറി തുടച്ചു. തങ്ങളുടെ കൈ പിടിച്ചു മുത്തി. ആലിംഗനം ചെയ്തു.
ആര്യാടന്‍ ഇനിയും ഇതുപോലെങ്ങാന്‍ പറഞ്ഞാല്‍ വീണ്ടും വരാമെന്ന് പറഞ്ഞു.
' ഇന്‍ഷാ അള്ളാ'
അങ്ങനെ വീണ്ടും വരാനും കാണാനും പരമകാരുണികനും ദയാനിധിയുമായ അള്ളാഹു അനുഗ്രഹിക്കട്ടെ.
ഇതുപോലെ ശുഭപര്യവസായിയായ ഒരു പാക്കേജ് തയ്യാറാക്കാന്‍ എല്‍.ഡി. എഫിന് കഴിയുമോ? അസൂയ നന്നല്ല. സ്വന്തമായി പ്രാക്ടീസ് ചെയ്യുകയാണ് വേണ്ടത്.
പാണക്കാട്ടെ അണ്ടിപ്പരിപ്പ് തിന്നേണ്ടത് വയലാര്‍ രവിയല്ല. വയലാര്‍ രവി കെ.പി.സി.സി പ്രസിഡണ്ടായിരുന്ന കാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ചെന്നിത്തല വേണം അത് തിന്നാന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പോലും ചികിത്സ നടത്തി പരാജയപ്പെട്ട ആര്യാടന്റെ അരയില്‍ കെട്ടാനുള്ള ഉറുക്ക് ഏല്പിക്കേണ്ടതും ചെന്നിത്തലയെ ആവണം.
അതാണ് ആദ്യമേ പറഞ്ഞത് ഓരോന്നിനും ഓരോ തളപ്പുണ്ടെന്ന്.
വാലറ്റം: ഉമ്മന്‍ചാണ്ടിയുടെ സ്കൂളില്‍ ഏഴാം ക്ളാസിലെ സാമൂഹ്യപാഠം പഠിപ്പിക്കുന്നില്ല: വാര്‍ത്ത.
കമന്റ്: ഹൈബി ഈഡന്റെ സത്യാന്വേഷണ പരീക്ഷകള്‍ പഠിപ്പിച്ചാലോ?